അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ഗുജറാത്തിലെ തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു. ശക്തമായി കാറ്റടിച്ച് പലയിടത്തും വീടുകൾ തകർന്നുപോയി. ദ്വാരകയില്‍ പരസ്യബോര്‍ഡുകള്‍ തകർന്നു വീണു. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ചിലയിടങ്ങില്‍ 25 സെന്റിമീറ്റർ വരെ മഴ പെയ്യാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തേക്ക് വീശിയടിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ കേന്ദ്രസ്ഥാനത്തിന് 50 കിലോമീറ്റർ വ്യാസമുണ്ടെന്നും വ്യക്തമായി. ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗാന്ധിനഗറില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ അധ്യക്ഷതയില്‍ സുരക്ഷ വിലയിരുത്താൻ യോഗം ചേർന്നു. ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ കേന്ദ്രസ്ഥാനവും ഗുജറാത്ത് തീരത്തോട് അടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഗുജറാത്ത് തീരത്തിന് 40 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റിന്റെ കേന്ദ്രസ്ഥാനം.