‘ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത അസംബന്ധം, രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ’: കെ സുധാകരൻ

news image
Mar 20, 2026, 8:55 am GMT+0000 payyolionline.in

തിരുവനന്തപുരം: താൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തകൾ അസംബന്ധമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യങ്ങൾകൊണ്ട് അതിന് കഴിഞ്ഞില്ലെന്നും കെ സുധാകരൻ പറഞ്ഞു. പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിനിറങ്ങുമെന്നും പാർട്ടിയിലെ ഒരു കുട്ടിയെപ്പോലും തോൽപ്പിക്കാൻ താൻ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ബിജെപിയിൽ ചേരുമെന്ന വാർത്ത ശുദ്ധ അസംബന്ധം. മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. സാഹചര്യങ്ങൾ കൊണ്ട് കഴിഞ്ഞില്ല. അതിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. പാർട്ടിയിലെ ഒരു കുട്ടിയെപ്പോലും തോൽപ്പിക്കാൻ ശ്രമിക്കില്ല. കോൺഗ്രസ് മിന്നും വിജയം നേടും. ബിജെപിയിൽ പോകുന്ന കാര്യം ഇന്ന് വരെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ ആലോചിക്കുകയുമില്ല. രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ. പിണറായി സർക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും’: കെ സുധാകരൻ പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവന്നതിന് ശേഷമുളള ആദ്യ പ്രതികരണമാണിത്.

ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്സിൽ തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥിത്വം നിഷേധിച്ചാലും പാർട്ടി വിടില്ല. സ്വതന്ത്രനായി മത്സരിക്കില്ല. പാർട്ടി പറഞ്ഞാൽ മാത്രം മത്സരിക്കും. പാർട്ടി എത്രയോ വലുതാണെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മാരത്തൺ ചർച്ചകളാണ് നടന്നത്. ഇന്നലെ രണ്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിട്ടും സീറ്റ് തർക്കം തുടർന്നു. പ്രധാമായും കെ സി വേണുഗോപാലും വി ഡി സതീശനുമായിരുന്നു ഭിന്നാഭിപ്രായങ്ങൾ ഉയർത്തിയത്. ഇടുക്കി, കൊച്ചി സീറ്റുകളിലായിരുന്നു ഭിന്നാഭിപ്രായമെന്നായിരുന്നു പുറത്തുവന്ന വിവരം.

കെ സുധാകരന് സീറ്റ് നൽകുന്ന കാര്യത്തിലും എതിരഭിപ്രായങ്ങൾ ഉയർന്നു. എംപിമാർക്ക് സീറ്റ് നൽകേണ്ടതില്ല എന്ന നിലപാടിൽ വി ഡി സതീശൻ ഉറച്ചുനിന്നു. ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം ഖർഗെയുടെ വസതിയിലും യോഗം ചേർന്നു. സുധാകരന് സീറ്റ് നൽകേണ്ടതില്ല എന്ന നിലപാടായിരുന്നു ഖർഗെയും സ്വീകരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണി വരെ യോഗം തുടർന്നു. എന്നിട്ടും സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമായില്ല.

ഇതോടെ സുധാകരൻ നിലപാട് കടുപ്പിച്ചു. ഒരു ഘട്ടത്തിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്നുവരെ വിവരം വന്നു. ഇതോടെ അനുനയ നീക്കവുമായി മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും എ കെ ആന്റണിയും രംഗത്തെത്തി. എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. സുധാകരനെ മത്സരിപ്പിക്കണമെന്ന നിലപാടും രമേശ് ചെന്നിത്തല സ്വീകരിച്ചു. സുധാകരൻ മത്സരിക്കുന്നത് കണ്ണൂരിൽ മാത്രമല്ല മറ്റിടങ്ങളിലും ഗുണം ചെയ്യുമെന്ന് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചു. ഇനിയും വൈകിക്കൂട എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും കാത്തിരിക്കാനായിരുന്നു രാഹുലിന്റെ മറുപടി.

ഇതിനിടെ സുധാകരനെ ഫോണിൽ ബന്ധപ്പെട്ട എ കെ ആന്റണി, സുധാകരൻ മത്സരിച്ചാൽ യുഡിഎഫ് പരാജയപ്പെടുമെന്ന് പറഞ്ഞു. ഇതോടെ സുധാകരൻ അനുനയത്തിന് വഴങ്ങി. വൈകിട്ടോടെ പട്ടികയിൽ പേരില്ലെന്ന സൂചന പുറത്തുവന്നതോടെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന രീതിയിൽ വാർത്തവന്നു. സുധാകരനെ അനുകൂലിച്ച് ഒരുകൂട്ടം പ്രവർത്തകരും രംഗത്തുവന്നു. സുധാകരനെ പരിഗണിച്ചില്ലെങ്കിൽ കണ്ണൂരിൽ മാത്രമല്ല സംസ്ഥാനത്താകെ ചലനമുണ്ടാകുമെന്ന് പ്രവർത്തകർ പ്രതികരിച്ചു. ഇതിനിടെ സുധാകരനെ ഖർഗെ ഫോണിൽ ബന്ധപ്പെടുകയും തൽക്കാലം പ്രതികരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം എന്നും ഖർഗെ പറഞ്ഞു. ഇതോടെയാണ് സുധാകരൻ വഴങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe