ഡിസംബർ 26ന് വാങ്ങിയ 535948 എന്ന നമ്പർ ടിക്കറ്റിലാണ് 70 കോടി രൂപയുടെ ജാക്ക്പോട്ട് ഒളിഞ്ഞിരുന്നത്. തന്റെ കുടുംബത്തിന് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എങ്ങനെ വാങ്ങുമെന്നതായിരുന്നു ഇന്നലെ വരെ മനു മോഹനന്റെ ഏറ്റവും വലിയ ആശങ്ക. ഏഴു വർഷത്തോളം ബഹ്റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നു.
16 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് മനു ടിക്കറ്റ് വാങ്ങിയത്. സമ്മാന തുക ഇവരുമായി പങ്കിടും. ഡ്യൂട്ടിക്കിടെയാണ് മനുവിനെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം എത്തുന്നത്. മറ്റ് 16 പേരുമായി വിഡിയോ കോളിലൂടെ സന്തോഷവാർത്ത പങ്കുവച്ചു. വാർത്ത അറിഞ്ഞപ്പോൾ സുഹൃത്തുക്കളിൽ ചിലരുടെ കണ്ണുകൾ നിറഞ്ഞു. തങ്ങളുടെ എല്ലാവരുടെയും കടങ്ങൾ വീട്ടാനും ഒരു വീട് പണിയാനും ഇതിലൂടെ സാധിക്കുമെന്ന് മനു പറഞ്ഞു.