കോഴിക്കോട്: കനത്തമഴയിൽ ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയിൽ ജീപ്പ് മറിഞ്ഞ് അപകടം. ജീപ്പ് പാറയുടെ മുകളിൽ നിന്നും താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാർ മുഴുവനും വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ജീപ്പ് ഭാഗികമായി തകർന്ന നിലയിലാണ്. വാഹനങ്ങൾക്ക് പ്രവേശിക്കാൻ അനുവാദമില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും നാട്ടുകാർ അറിയിച്ചിട്ടുണ്ട്.
വയലടയ്ക്ക് അടുത്ത് തന്നെയുള്ള കക്കയം തലയാട് റോഡിൽ മലയോര ഹൈവേ നിർമ്മാണം നടക്കുന്ന 28-ാം മൈൽ – തലയാട് ഭാഗത്ത് മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ മേഖലയിലൂടെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചിട്ടുണ്ട്.
ഞായറാഴ്‌ച രാത്രി പത്തുമണിയോടെയാണ് ഇരുപത്തിയാറാം മൈൽ ഭാഗത്ത് വലിയ മണ്ണിടിച്ചിലുണ്ടായത്. റോഡ് നിർമ്മാണത്തിനായി കുത്തനെ മണ്ണിടിച്ച മേഖലയിൽ മുകളിൽ നിന്നുള്ള പാറക്കല്ലുകളും മണ്ണും മരങ്ങളും ഒരുമിച്ച് താഴോട്ടു പതിക്കുകയായിരുന്നു.