ബാലുശ്ശേരി : ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന പുതിയകെട്ടിടം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. 3167.29 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള ഈ ബഹുനിലക്കെട്ടിടം ഇതിനോടൊപ്പം നിലവിലെ കെട്ടിടത്തിന് മുകളിലായി നിർമിച്ചിരിക്കുന്ന വെർട്ടിക്കൽ ബ്ലോക്കും ഉൾപ്പെടെ, പുതിയകെട്ടിടം ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങളിൽ വലിയ പുരോഗതിയാണ് വരുത്താൻപോകുന്നത്.
23.20 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. ആശുപത്രിയിൽ നിലവിൽ 13-ഓളം ഡോക്ടർമാരാണുള്ളത്. താലൂക്ക് ആശുപത്രിയായി ഉയർത്തിയിരുന്നെങ്കിലും ആവശ്യമായ ഐസിയു, കാഷ്വാലിറ്റി തുടങ്ങിയ പ്രധാനസൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ആസ്ഥാനമായ ഹെതർ കൺസ്ട്രക്ഷൻ കമ്പനിയാണ് കെട്ടിടനിർമാണകരാർ എടുത്തത്.
പുതിയ കെട്ടിടത്തിന്റെ താഴത്തെനിലയിൽ കാഷ്വാലിറ്റി, എക്സാമിനേഷൻ റൂം, മൈനർ ഒടി, റിക്കവറി, ഡ്രസിങ് ഇഞ്ചക്ഷൻ റൂം, ജനറൽ ഒപി, ജനറൽ സർജറി ഒപി, പിഎംആർ ഒപി, കൺസൾട്ടിങ് റൂം, പ്ലാസ്റ്റർ റൂം, പോലീസ് കിയോസ്ക് എന്നീ സൗകര്യങ്ങളുണ്ട്.
ഗൈനക്ക് ഒടി, സെപ്റ്റിക് ഒടി, പേഷ്യന്റ് പ്രിപ്പറേഷൻ റൂം, ബേബി പ്രിപ്പറേഷൻ റൂം, ഡോക്ടർമാരുടെയും നഴ്സുമാരുടെയും വിശ്രമമുറി, ലേബർ വാർഡ്, എൻഐസിയു, പോസ്റ്റ് ഒപി ഐസിയു, പ്രീ നാറ്റൽ, പോസ്റ്റ് നാറ്റൽ വാർഡുകൾ, അൾട്രാസൗണ്ട് റൂം, ഗൈനക് ഒപി എന്നിവയാണ് ഒന്നാംനിലയിലുള്ളത്.
രണ്ടാംനിലയിൽ ഓർത്തോ ഒടി, ജനറൽ സർജറി ഒടി, പ്രിപ്പറേഷൻ ഹോൾഡിങ് റൂം, റിക്കവറി, നഴ്സസ് ലോഞ്ച്, ഡോക്ടേഴ്സ് ലോഞ്ച്, ഡ്യൂട്ടി നഴ്സ് റൂം, ഡ്യൂട്ടി ഡോക്ടർ റൂം, സർജിക്കൽ ഐസിയു, എംഐസിയു വാർഡ് എന്നിവയും മൂന്നാംനിലയിൽ ജനറൽ സർജറി, ഓർത്തോ എന്നിവയുടെ സ്ത്രീ-പുരുഷ വാർഡുകൾ എന്നിവയുമുണ്ട്.
ഇതുകൂടാതെ നിലവിലുള്ള കെട്ടിടത്തിന് മുകളിലായി പണിതിരിക്കുന്ന വെർട്ടിക്കൽ ബ്ലോക്കിന്റെ ഒന്നാംനിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, എച്ച്ഡിയു (ജനറൽ മെഡിസിൻ ആൻഡ് പീഡിയാട്രിക്) വാർഡുകൾ, സിഎസ്എസ്ഡി, ലബോറട്ടറി എന്നീ സൗകര്യങ്ങളാണുണ്ടാവുക.
മലയോരമേഖലയിലെയും ബാലുശ്ശേരിയിലെയും പനങ്ങാട്, ഉണ്ണികുളം, നന്മണ്ട, പൂനൂർ, കൂരാച്ചുണ്ട്, ഉള്ളിയേരി, കക്കോടി, കോട്ടൂർ എന്നിവിടങ്ങളിലെയും ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന ആശുപത്രിയാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രി.
നിർമാണപ്രവൃത്തികൾ 90 ശതമാനം പൂർത്തിയായെന്നും പുതിയ കെട്ടിടത്തിന്റെ വരവോടെ ആധുനികസൗകര്യങ്ങളുള്ള ആരോഗ്യപരിപാലനകേന്ദ്രമായി ആശുപത്രി മാറുമെന്നും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ആലംകോട് സുരേഷ് ബാബു പറഞ്ഞു.