ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തും ജാസ്മിൻ ആർട്സ് ബാലുശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച വനിതകൾക്കായുള്ള ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസ്സൈനാർ എമ്മച്ചം കണ്ടി ഉദ്ഘാടനം ചെയ്തു. അമ്പ്രലാ സ്കേർട്ട്, 3 തരം ചുരിദാറുകൾ, പൈജാമ, പെറ്റിക്കോട്ട്, നൈറ്റി,3 തരം ബ്ളൗസ് എന്നിവയാണ് പഠിപ്പിക്കുന്ന ഇനങ്ങൾ. പ്രായത്തിൻ്റെയോ വരുമാനത്തിൻ്റെയോ നിബന്ധനകളില്ലാതെ യാതൊരു ഫീസും ഈടാക്കാതെയാണ് ക്ലാസ് നടത്തുന്നത്.
ചടങ്ങിൽ പ്രകാശ് കരുമല , എ.പി. മോഹനൻ, വാർഡ് മെമ്പർമാരായ ഹരീഷ് നന്ദനം, സി വൽസല, ഉദയകുമാർ, ഹരീഷ് കല്ലായി, കെ. ഷിജില, വിനോദചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇതേ വേദിയിൽത്തന്നെ വയനാട് ദുരന്ത ബാധിത പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്കായി കുന്നമംഗലത്തെ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സ്വരൂപിക്കുന്ന പഠനോപകരണ കിററിലേക്ക് നൽകുന്ന നാൽപ്പത് കോളജ് നോട്ട് ബുക്കുകൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഉദയകുമാർ ഏറ്റു വാങ്ങി.