അങ്കമാലി: നാലുവയസ്സുകാരിയായ മകളെ അമ്മ അംഗൻവാടിയിൽനിന്ന് കൊണ്ടുവന്ന് ചാലക്കുടിപ്പുഴയിൽ എറിഞ്ഞെന്ന സംശയത്തിനും തുടർന്നുള്ള തിരച്ചിലിനും ഇടയാക്കിയത് ആലുവ-മാള റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ മാള പൂപ്പത്തി സ്വദേശിയായ ജിഷ്ണു ബാബുവിന്‍റെ മൊഴി.
തിങ്കളാഴ്ച വൈകീട്ട് 6.30ന് ആലുവയിൽനിന്ന് മാളയിലേക്ക് പുറപ്പെട്ട ബസിൽ സന്ധ്യ കുട്ടിയുമായി പറവൂർ കവലയിൽനിന്നാണ് കയറിയത്. ഈ സമയം ബസിൽ നല്ല തിരക്കായിരുന്നു.
കുട്ടിയുമായി കയറിയതിനാൽ ഫുട്ബോർഡിന് സമീപത്തെ സീറ്റിൽ മറ്റൊരു യാത്രക്കാരനെ എഴുന്നേൽപിച്ച് അവർക്ക് സീറ്റ് നൽകി. മൂഴിക്കുളത്തേക്കാണ് യുവതി ടിക്കറ്റെടുത്തത്. ഒപ്പം കുട്ടിയുണ്ടായതാണ് ജിഷ്ണു ബാബു ഇവരെ ശ്രദ്ധിക്കാൻ ഇടയാക്കിയത്. മൂഴിക്കുളം കവലയിലെത്തിയപ്പോൾ ഇറങ്ങുകയുംചെയ്തു.
എന്നാൽ, മണിക്കൂറിനുള്ളിൽ സംഭവം മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായി. അതോടെ സഹപ്രവർത്തകരോടും ഉറ്റ സുഹൃത്തുക്കളോടും യുവതി പെൺകുഞ്ഞുമായി പോയ വിവരം ജിഷ്ണു ബാബു വെളിപ്പെടുത്തി. ഈ സമയം നാലുവയസ്സുകാരിക്കുവേണ്ടി ആലുവയിലും പരിസരങ്ങളിലുമാണ് അന്വേഷണം നടന്നിരുന്നത്.
ജിഷ്ണു ബാബു വിവരം നൽകിയയോടെ നാട്ടുകാർ മൂഴിക്കുളം പാലത്തിലും പുഴത്തീരത്തും അന്വേഷിക്കാനെത്തി. ബസിറങ്ങിയശേഷം യുവതിയും കുട്ടിയും മൂഴിക്കുളം കവലയിലേക്ക് പോകുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരും ചില ബസ് യാത്രികരും കണ്ടിരുന്നു. യുവതി എന്തോ പുഴയിൽ എറിയുന്നത് കണ്ടതായി ഒരു ബൈക്ക് യാത്രികനും വെളിപ്പെടുത്തി.
ഈസമയം ചെങ്ങമനാട് പൊലീസ് യുവതിയെ കൂടുതൽ ചോദ്യംചെയ്തു. ഒടുവിൽ കുഞ്ഞിനെ താൻ പുഴയിൽ വലിച്ചെറിഞ്ഞെന്ന് യുവതി സമ്മതിക്കുകയായിരുന്നു.