കണ്ണൂർ: ജില്ലയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ബാങ്ക് നിന്നാണെന്ന വ്യാജേന യുവാവിനെ വിളിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 2,70,000 രൂപ. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രൂപാലി എന്ന് പരിചയപ്പെടുത്തിയ സ്ത്രീ കഴിഞ്ഞ ദിവസം ഉച്ചയോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ യുവാവിന്‍റെ ഫോണിലേക്ക് വിളിച്ചു. ബാങ്ക് ജീവനക്കാരിയാണെന്നാണ് ഇവർ പറഞ്ഞിരുന്നത്. യുവാവിന് ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെന്നും അത് ഉപയോഗിക്കുന്നില്ലെന്നും ക്യാൻസൽ ചെയ്യണമെന്നും അവരോട് പറഞ്ഞു. ഫോണിലേക്ക് വന്ന ഒരു ഒ.ടി.പി അവർ നിർദ്ദേശിച്ച പ്രകാരം യുവാവ് പറഞ്ഞുകൊടുത്തു. ഇതിന് പിന്നാലെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായി.
ഇതിനു ശേഷം ആ സ്ത്രീ വീണ്ടും വിളിച്ചു. നഷ്ടപ്പെട്ട തുക ക്ലിയർ ചെയ്യുവാൻ ഒ.ടി.പി പറഞ്ഞു കൊടുക്കാൻ നിർദ്ദേശിച്ചതു പ്രകാരം യുവാവ് ഒ.ടി.പി പറഞ്ഞു കൊടുത്തു. ഇതോടെ അക്കൗണ്ടിലേക്ക് നഷ്ടപ്പെട്ട തുകയേക്കാൾ കൂടുതൽ തുക ക്രെഡിറ്റ് ആയി. തുക ക്രെഡിറ്റായ കാര്യം അവരോട് പറഞ്ഞപ്പോൾ അത് ഭാവിയിൽ ഉപയോഗിക്കാനാണ് എന്ന് പറയുകയും ആ തുക ഇപ്പോൾ വെണ്ടെന്ന് പറഞ്ഞപ്പോൾ അത് ക്ലിയർ ചെയ്യാൻ അടുത്ത ഒരു ഒ.ടി.പി കൂടി വേണമെന്ന് പറയുകയും ചെയ്തു. ഇത് നൽകിയതോടെയാണ് 2,70,000 രൂപ നഷ്ടമായത്. കബളിക്കപ്പെട്ടെന്ന് മനസ്സിലായ യുവാവ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
വിളിക്കാം 1930
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.