മനാമ: കോടികളുടെ തട്ടിപ്പുനടത്തി മുങ്ങി മലയാളി പ്രവാസിയുടെ കമ്പനിയിലെ മലയാളികളായ അക്കൗണ്ടന്റുമാർ. ഏകദേശം 13,0000ത്തിലധികം ദീനാറിന്റെ (ഇന്ത്യൻ രൂപ മൂന്ന് കോടി) തട്ടിപ്പ് നടത്തിയതായതാണ് കണ്ടെത്തിയത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായും മറ്റേയാൾ രാജ്യം വിട്ടതായതുമാണ് വിവരം.
തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്റ്റീൽ ആൻഡ് ഫാബ്രിക്കേഷൻ കോൺട്രാക്ടിങ് കമ്പനിയിൽ 2017 മുതൽ ജോലി ചെയ്തു വരുന്നവരാണ് പ്രതികൾ. തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളായ ഇരുവരുമാണ് സ്ഥാപനത്തിലെ കണക്കുകളും മറ്റും കൈകാര്യം ചെയ്തിരുന്നത്. സാലറി ഇനത്തിലും മറ്റുമായി കണക്കുകളിൽ അധിക തുക എഴുതിച്ചേർത്താണ് തട്ടിപ്പുനടത്തിയത്. മാസം 2000 മുതൽ 2500 ദീനാർ വരെ അധികമായി എഴുതിച്ചേർത്തെന്നാണ് കണ്ടെത്തൽ. 2020 മുതലുള്ള സാലറി ഇനത്തിൽ മാത്രം നടത്തിയ തിരിമറിയുടെ കണക്ക് വിവരങ്ങളാണ് നിലവിൽ പുറത്തുവന്നത്. അത് മാത്രം മൂന്ന് കോടി ഇന്ത്യൻ രൂപയോളം വരുമെന്നാണ് സ്ഥാപന ഉടമ വ്യക്തമാക്കുന്നത്. ഇതിന് പുറമേ കമ്പനിയിലെ സപ്ലയർമാരുമായി നടത്തിയ ഇടപാടുകളും മറ്റു സെയിൽ വിവരങ്ങളും അടക്കം 2017 മുതലുള്ള ഇരുവരും കൈകര്യം ചെയ്ത എല്ലാ കണക്കുകളും പരിശോധിച്ചു വരികയാണ്. തട്ടിയെടുത്ത തുക ഇനിയും കൂടാമെന്നാണ് വിലയിരുത്തൽ. സ്ഥാപനഉടമയുടെ പരാതിയിൽ പ്രതികളിലൊരാളെ റിഫ പൊലീസ് പിടികൂടിയിട്ടുണ്ട്. ഒരാൾ കഴിഞ്ഞ വ്യാഴാഴ്ച രാത്രി രാജ്യം വിട്ടതായതാണ് എമിഗ്രേഷനിൽ അന്വേഷിച്ചപ്പോൾ അറിയാനായത്. രാജ്യം വിട്ട വ്യക്തിയുടെ ഗർഭിണിയായ ഭാര്യയും മാതാവും സഹോദരിയും ബഹ്റൈനിലുണ്ടായിരുന്നു. പ്രശ്നങ്ങൾക്ക് ശേഷം മാതാവും ഭാര്യയും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇതേസ്ഥാപന ഉടമയുടെ സ്പോൺസർഷിപ്പിലാണ് സഹോദരി ബഹ്റൈനിൽ ജോലിചെയ്യുന്നത്.
പ്രതികളുടെ ജീവിത രീതിയിലെ മാറ്റങ്ങളിൽ നേരത്തെ സംശയം തോന്നിയ സ്ഥാപനഉടമ സ്ഥിരീകരിക്കാൻ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് തട്ടിപ്പു വിവരം പുറത്തറിയുന്നത്. കഴിഞ്ഞ സെപ്തംബറിൽ സ്വകാര്യ ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോയ അദ്ദേഹം തിരിച്ചെത്തിയത് ഈ മാസം 11നാണ്. ശേഷം നടത്തിയ പരിശോധനയിൽ കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകളിൽ മാത്രം 6500 ദിനാറിന്റെ അധിക തുകയാണ് കണ്ടെത്താനായത്. വിശദമായ പരിശോധക്കു ശേഷമാണ് തട്ടിപ്പിന്റെ തോത് എത്രത്തോളമാണെന്ന് മനസ്സിലായത്. കണക്കുകൾ അധികമായി കൂട്ടിച്ചേർത്ത് ആർക്കും തിരിച്ചറിയാത്ത പാകത്തിൽ ഇരുവരും തന്ത്രപൂർവം ഒളിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിലെ ഔഡിറ്ററുടെ പരിശോധനകളിലും ഈ തട്ടിപ്പ് കണ്ടെത്താനായിരുന്നില്ല