കോഴിക്കോട്: ബസുകളുടെ മത്സര ഓട്ടത്തിനിടെ പേരാമ്പ്രയിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേസ് കേസ് അന്വേഷണത്തിനെതിരെ മരിച്ച വിദ്യാർത്ഥി ജവാദിന്റെ പിതാവ് അബ്ദുൾ ജലീൽ. എഫ് ഐ ആറിൽ ഇടിച്ച ബസിന്റെ പേരോ നമ്പറോ ഇല്ലെന്നും പോലീസ് കസ്റ്റഡിയിൽ എടുത്ത ബസിന്റെ പേരും നമ്പറും ഇല്ലാത്തത് ദുരൂഹമാണെന്നും പിതാവ് ആരോപിച്ചു. ചില ഉന്നതർ കേസുമായി ബന്ധപ്പെട്ട് വിളിക്കുന്നുണ്ട്.
കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സംശയമുണ്ടെന്നും അബ്ദുൾ ജലീൽ പറഞ്ഞു. ബസുകളെ പേടിച്ച് മകൻ പ്രധാന റോഡിലേക്ക് ബൈക്കുമായി പോകാറില്ലായിരുന്നു. ബസുകാർ വിദ്യാർത്ഥികളെ കയറ്റാത്തതിനെ തുടർന്നാണ് ബൈക്ക് എടുക്കേണ്ടി വന്നത്. ബസ് ജീവനക്കാരുടെ ക്രിമിനൽ സ്വഭാവം പരിശോധിക്കണം എന്നും പിതാവ് ആവശ്യപ്പെട്ടു.നാല് ദിവസം മുൻപാണ് കോഴിക്കോട് പേരാമ്പ്രയിൽ അമിത വേഗത്തിൽ എത്തിയ ബസ് ഇടിച്ചു ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ജാവാദ് മരിച്ചത്. ബസുകളുടെ മരണപ്പാച്ചിൽ പേടിച്ച് വീട്ടിൽ നിന്നും പ്രധാന റോഡ് വരെ മാത്രം സ്കൂട്ടി ഓടിച്ചിരുന്ന ജവാദ് പ്രൊജക്റ്റ് വർക്കുകളുടെ തിരക്കിനെ തുടർന്നാണ് കഴിഞ്ഞ ദിവസം കോളേജ് വരെ ബൈക്കിൽ പോയത്. അതാണ് ഈ വിദ്യാർത്ഥിയുടെ ജീവൻ കവരുന്നതിന് ഇടയാക്കിയതും.