ബസിൽ യാത്ര ചെയ്യവേ പോസ്റ്റിലുരഞ്ഞു കൈയ്യറ്റു; യുവാവിന് കെഎസ്ആർടിസി ഒന്നരക്കോടി നഷ്ടപരിഹാരം നൽകണമെന്ന് വിധി

news image
Apr 30, 2026, 6:15 am GMT+0000 payyolionline.in

സുൽത്താൻബത്തേരി: കെ എസ് ആർ ടി സി ബസിൽ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് കൈയറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം പലിശയും കോടതിച്ചെലവും നൽകാൻ വിധി. വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പുറവെടുവിച്ചത്. അപകടത്തിൽപ്പെട്ട അമ്പലവയൽ മാളിക കുന്നത്തൊടി വീട്ടിൽ അസൈനാറിന്റെ മകൻ മുഹമ്മദ് അസ്‌ലം (19) നാണ് നഷ്ടപരിഹാരം നൽകേണ്ടത്.

2023 ജനുവരി പതിനേഴിനായിരുന്നു അപകടം. അമ്പലവയൽ മാളിക എന്ന സ്ഥലത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് കെ എസ് ആർ ടി സി ബസിന്റെ ഇടതു ഭാഗത്ത് സൈഡ് സീറ്റിലിരുന്ന് ബത്തേരിയിലേക്ക് യാത്രചെയ്യുകയായിരുന്നു മുഹമ്മദ് അസ്ലം. ബസ് മംഗലം കാപ്പ് എത്തിയപ്പോൾ എതിരെ വന്ന വാഹനത്തിന് ബസ് ഡ്രൈവർ സൈഡ് കൊടുത്തപ്പോൾ റോഡരികിലെ വൈദ്യുതക്കാലിൽ അസ്ലമിന്റെ ഇടതുകൈ ചേർത്ത് ഉരയുകയും കൈമുട്ടിന്റെ മുകളിൽ വെച്ച് അറ്റുപോവുകയുമായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല. ബത്തേരിയിലെ കേരള അക്കാദമി ഓഫ് എൻജിനിയറിങ് കോളേജിൽ ഫാർമസി കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.

തുടർന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ബത്തേരിയിലെ അഭിഭാഷകനായ ടി ആർ ബാലകൃഷ്ണൻ മുഖേന വയനാട് എം എ സി ടി കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട ബസ് ഇൻഷുർ ചെയ്തിട്ടില്ലാത്തതിനാൽ കെ എസ് ആർ ടി സി യാണ് നഷ്ടപരിഹാര തുക ഹർജിക്കാരന് നൽകേണ്ടത്. സംഭവത്തെ തുടർന്ന് യുവാവിനുണ്ടായ മാനസിക ആഘാതവും പ്രായവും തുടർവിദ്യാഭ്യാസവും അടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് അഭിഭാഷകനായ ടി ആർ ബാലകൃഷ്ണൻ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe