ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.
നേരത്തെ ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.
പരാതി വാർത്തയായതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് രംഗത്തെത്തിയിരുന്നു. ഒരു വീഡിയോയിലാണ് വിമർശനം സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചത്.’എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല… ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.’ ‘നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷിയാസ് രംഗത്തെത്തി.