ബംഗളൂരു: ചാമരാജ് നഗർ ഗുണ്ടൽപേട്ടിന് സമീപം ബന്ദിപ്പൂർ കടുവ സംരക്ഷണ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ സിദ്ധരാജ ഷെട്ടിക്ക് (48) പരിക്കേറ്റു.
ദേശിപുര വില്ലേജിലെ തന്റെ കൃഷിയിടത്തിൽ കാവൽനിൽക്കവേ വെള്ളിയാഴ്ച പുലർച്ച നാലിനാണ് സംഭവം. വിളവെടുത്ത വിള സംരക്ഷിക്കാൻ കൃഷിയിടത്തിനോടുചേർന്ന് കെട്ടിയുണ്ടാക്കിയ പ്ലാസ്റ്റിക് കൂടാരത്തിൽ മഹാദേവ ഷെട്ടി എന്നയാൾക്കൊപ്പം കഴിയവേയാണ് കാട്ടാനയുടെ ആക്രമണം. തീറ്റതേടിയിറങ്ങിയ കാട്ടാന കൂടാരത്തിൽ സൂക്ഷിച്ച വിള തിന്നുന്നതിനിടെ ഉറങ്ങുകയായിരുന്ന സിദ്ധരാജ ഷെട്ടിയെ ചവിട്ടുകയായിരുന്നു.
അലർച്ച കേട്ട് എഴുന്നേറ്റ മഹാദേവ ഷെട്ടി ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ബന്ദിപ്പൂർ ഓംകാര റേഞ്ചിൽനിന്നുള്ള വനപാലകർ സംഭവസ്ഥലത്തെത്തി പരിക്കേറ്റ കർഷകനെ ചാമരാജ് നഗർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അസി. ഫോറസ്റ്റ് കൺസർവേറ്റർ സുരേഷിന്റെ നേതൃത്വത്തിലുള്ള വന ഉദ്യോഗസ്ഥർ കർഷകനെ ആശുപത്രിയിൽ സന്ദർശിച്ചു. ചികിത്സാ ചെലവ് വഹിക്കുമെന്ന് എ.സി.എഫ് അറിയിച്ചു.