കണ്ണൂർ: മംഗളൂരു വഴി സർവിസ് നടത്തുന്ന ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് െട്രയിൻ കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കർണാടക മന്ത്രിയും. ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടു റാവുവാണ് രംഗത്തെത്തിയത്.
തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ റാവു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. െട്രയിൻ കോഴിക്കോടേക്ക് നീട്ടുന്നത് തടയണമെന്നാവശ്യപ്പെട്ട് കർണാടകയിൽ മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ദക്ഷിണ കന്നട എം.പിയുമായ നളിൻ കുമാർ കട്ടീൽ കഴിഞ്ഞയാഴ്ച റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയും സമാന നിലപാടെടുത്തത്.
ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് െട്രയിൻ എല്ലാ ദിവസവും നിറയെ യാത്രക്കാരുമായാണ് ഓടുന്നതെന്നും കോഴിക്കോടേക്ക് നീട്ടേണ്ട ആവശ്യമില്ലെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ബംഗളൂരുവിനും കണ്ണൂരിനുമിടയിൽ മംഗളൂരു വഴിയുള്ള ഏക ട്രെയിൻ സർവിസാണിത്. െട്രയിൻ നീട്ടിയാൽ ദക്ഷിണ കന്നട ഉൾപ്പെടെയുള്ള കർണാടക തീരപ്രദേശത്തെ യാത്രക്കാരെ സാരമായി ബാധിക്കും.
െട്രയിൻ കോഴിക്കോട്ടേക്ക് നീട്ടണമെന്നത് യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു. തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ അനുവദിച്ച സ്റ്റോപ്പ് കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന തരത്തിലായിരുന്നു. എന്നാൽ, ഇതിനെതിരെയാണ് കർണാടക ലോബിയുടെ കളി.
ട്രെയിനിൽ 22 കോച്ചുകളുണ്ടെങ്കിലും കോഴിക്കോട് വരെ നീട്ടിയാൽ മംഗളൂരുവിലെ റിസർവേഷൻ േക്വാട്ട നഷ്ടമാകുമെന്നും പ്രദേശത്തെ യാത്രക്കാർക്ക് ലഭ്യമായ സീറ്റുകളും ബർത്തുകളും കുറയുമെന്നും ആരോപിച്ചാണ് നളിൻ കുമാർ കട്ടീൽ എം.പി റെയിൽവേ മന്ത്രിക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയത്.