ബംഗളൂരു: ശബരിമല തീർഥാടകർക്കായി കർണാടക ആർ.ടി.സി ബംഗളൂരുവിൽനിന്ന് പമ്പയിലേക്ക് ഈ മാസം 29 മുതൽ ഐരാവത് എ.സി ബസ് സ്പെഷൽ സർവിസ് ആരംഭിക്കും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം തുടങ്ങും. മകരവിളക്ക് കഴിയുന്നതുവരെ സർവിസ് തുടരും.
ഉച്ച 1.50ന് ശാന്തിനഗർ ബസ് ടെർമിനലിൽനിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (2.30), മൈസൂരു (5.35), ബത്തേരി, കോഴിക്കോട്, തൃശൂർ, എരുമേലി വഴി രാവിലെ 6.45ന് നിലക്കലിൽ എത്തും. തിരിച്ച് വൈകുന്നേരം അഞ്ചിന് നിലക്കലിൽനിന്ന് പുറപ്പെട്ട് രാവിലെ 10ന് ബംഗളൂരുവിൽ എത്തും. തിരക്ക് കൂടുന്നതോടെ വാരാന്ത്യങ്ങളിൽ ഒരു സർവിസ് കൂടി ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി കേരള മേഖല ഓഫിസർ അറിയിച്ചു. മൈസൂരുവിൽനിന്നും റിസർവേഷൻ സൗകര്യം ഉണ്ടാകും.