ബംഗളൂരുവില്‍ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം; അപകടം കുടുംബത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍

news image
Dec 15, 2023, 7:16 am GMT+0000 payyolionline.in

ബംഗളൂരു: ബംഗളൂരുവില്‍ ബിഎംടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. സിങ്സാന്ദ്ര മേഖലയിലെ താമസക്കാരിയായ ബല്ലാരി സ്വദേശിനി സീമ (22)യാണ് മരിച്ചത്. അപകടത്തില്‍ സീമയുടെ ഭര്‍ത്താവ് ഗുരുമൂര്‍ത്തിക്കും ഒന്നരവയസുകാരി മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഇരുവരും സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ബുധനാഴ്ച വൈകുന്നേരം 6.45ന് സില്‍ക്ക് ബോര്‍ഡ് റോഡില്‍ മഡിവാള ഫ്ളൈ ഓവറിന് സമീത്ത് വച്ചായിരുന്നു അപകടം. കബഡി മത്സരം കാണാനിറങ്ങിയതായിരുന്നു മൂവരും. ബിഎംടിസി ബസിനെ ഇടതുവശത്ത് കൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ, സ്‌കൂട്ടറിന്റെ വലതുവശത്തെ ഹാന്‍ഡില്‍ ബസില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് ബാലന്‍സ് തെറ്റി സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ സീമയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ഭാഗത്തെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ട്രാഫിക് പൊലീസും നാട്ടുകാരും ചേര്‍ന്ന് സീമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് മഡിവാള ട്രാഫിക് പൊലീസ് അറിയിച്ചു.

അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറും കണ്ടക്ടറും സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ബിഎംടിസി അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥനത്തില്‍ പിന്നീട് ഡ്രൈവറെ പിടികൂടി. ഡ്രൈവറുടെ ആശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തതായും ട്രാഫിക് പൊലീസ് അറിയിച്ചു. ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ ലൈന്‍മാനാണ് ഗുരുമൂര്‍ത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe