ബംഗളൂരുവിലെ കടുത്ത ജലക്ഷാമം; ഐടി കമ്പനികളെ കേരളത്തിലേക്ക്‌ ക്ഷണിച്ച്‌ മന്ത്രി പി രാജീവ്‌

news image
Mar 27, 2024, 9:17 am GMT+0000 payyolionline.in

കൊച്ചി > ബംഗളൂരുവില്‍ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പ്രമുഖ ഐടി കമ്പനികളെ കേരളത്തിലേക്ക്‌ ക്ഷണിച്ച്‌ വ്യവസായമന്ത്രി പി രാജീവ്‌. കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന ബംഗളൂരുവിലെ സാഹചര്യങ്ങൾ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം ഐടി കമ്പനികളുമായി ബന്ധപ്പെട്ടിരുന്നതായി മന്ത്രി പറഞ്ഞു. വെള്ളം ഉള്‍പ്പടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് അവര്‍ക്ക് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ചെറുതും വലുതുമായ 44 നദികള്‍ നമുക്ക് ഉണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ജലപ്രതിസന്ധി ഒരു പ്രശ്‌നമേ അല്ലെന്ന് മന്ത്രി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

രാജ്യത്തിന്റെ ഐടി ഹബ്ബായ ബംഗളൂരു ഐടി മേഖലയില്‍ 254 ബില്ല്യണ്‍ ഡോളറിന്റെ വരുമാനം സൃഷ്‌ടിക്കുന്നുണ്ട്. എന്നാല്‍, വേനല്‍ കടുത്തതോടെ ഈ വര്‍ഷം ബംഗളൂരുവില്‍ കടുത്ത ജലദൗര്‍ഭല്യം അനുഭവപ്പെടുന്നതിനാല്‍ മിക്ക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്.

8.5 ലക്ഷം ചതുരശ്ര അടിയുടെ ഒരു ടെക് പാര്‍ക്ക് പ്രസ്റ്റീജ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പണി കഴിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സമാനമായ പാര്‍ക്ക് ബ്രിഗേഡ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ നിലവിലുള്ള സൗകര്യത്തിന് പുറമെ സ്വകാര്യ ഡെവലപ്പര്‍മാരായ ബ്രിഗേഡ്, കാര്‍ണിവല്‍, ലുലുഗ്രൂപ്പ്, ഏഷ്യ സൈബര്‍ പാര്‍ക്ക് എന്നിവരും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും മികച്ച റോഡ്, റെയില്‍ സൗകര്യങ്ങളും സംസ്ഥാനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ക്ഷണിച്ച ഐടി കമ്പനികളുടെ പേരുവിവരങ്ങള്‍ പിന്നീട്‌ വെളിപ്പെടുത്തുമെന്ന്‌ മന്ത്രി പറഞ്ഞു. കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു.

സിലിക്കൻ വാലിയുടെ മാതൃകയില്‍ സംസ്ഥാനത്തെ വികസിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ടെക്‌നോളജിയില്‍ ബിരുദം നേടിയ ധാരാളം പ്രതിഭകള്‍ കേരളത്തിനുണ്ട്. ഇതിന് പുറമെ അനുകൂലമായ ധാരാളം ഘടകങ്ങളും സംസ്ഥാനത്തുണ്ടെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ളത്തിന്റെയോ ശുദ്ധവായുവിന്റെയോ കാര്യത്തിലുള്ള പ്രതിസന്ധി കേരളത്തില്‍ ഒരിക്കലും ഉണ്ടാകാറില്ലെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്ന പുതുതലമുറ കമ്പനികളെ ഐടി/ ടെക് കേന്ദ്രമായ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറഞ്ഞു.

നിലവില്‍ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക്, കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക് തുടങ്ങി മൂന്ന് സുപ്രധാന ഐടി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഉണ്ട്. ഇതിന് പുറമെ ചെറിയ ടെക് പാര്‍ക്കുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കും.

ഇന്ത്യയിലെ ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ വേഗത്തില്‍ വളര്‍ച്ച നേടുന്ന ഇടമാണ് കൊച്ചി എന്ന് ഐബിഎം സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേഷ് നിര്‍മല്‍ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ സാങ്കേതികവിദ്യാ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം പത്ത് ലക്ഷമാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് സംസ്ഥാനം പിന്തുടരുന്നത്. സര്‍ക്കാരിന്റെയും സ്വകാര്യ മേഖലയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക് പാര്‍ക്കുകളില്‍ നിലവിൽ 2.5 ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇത് നാല് മടങ്ങായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഇതിനായി ദേശീയപാത 66നോട് ചേര്‍ന്ന് നാല് ഐടി ഇടനാഴികള്‍സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. തിരുവനന്തപുരം – കൊല്ലം, ചേര്‍ത്തല – എറണാകുളം, എറണാകുളം – കൊരട്ടി, കോഴിക്കോട് – കണ്ണൂര്‍ എന്നിവയെ ബന്ധിപ്പിച്ചായിരിക്കും നാല് ഐടി ഇടനാഴികള്‍ തീര്‍ക്കുക.

സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ സയര്‍സ് പാര്‍ക്കുകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചു കഴിഞ്ഞു. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി തിരുവനന്തപുരത്ത് സ്ഥാപിക്കും. തിരുവനന്തപുരത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും കണ്ണൂര്‍, കേരള, കുസാറ്റ് യൂണിവേഴ്‌സിറ്റി കാംപസുകളില്‍ കൂടുതല്‍ സയന്‍സ് പാര്‍ക്കുകളും സ്ഥാപിക്കും. പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലായിരിക്കും ഈ പാര്‍ക്കുകളെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുക – മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe