മലപ്പുറം: കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ വീണ സന്ദര്‍ശകന്‍റെ മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തു നല്‍കി ഫയര്‍ ഫോഴ്സ്. ഒഴിവുദിനം ആഘോഷിക്കാന്‍ കൂട്ടുകാരോടൊപ്പം ബുധനാഴ്ച വൈകീട്ട് കേരളാംകുണ്ടിലെത്തിയ പുത്തനത്താണി സ്വദേശി റജിലിന്‍റെ ഐ ഫോണാണ് വെള്ളത്തില്‍ വീണത്. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ വഴുതി അബദ്ധത്തില്‍ ഫോണ്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇവര്‍ കുറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് മഞ്ചേരിയില്‍നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിനെ വിളിച്ചു. അവർ ഉടനെ സ്ഥലത്ത് എത്തി. റെസ്‌ക്യു ഓഫിസര്‍ കരീം കണ്ണൂക്കാരന്റെ നേതൃത്വത്തിലുള്ള സംഘം ഫോണ്‍ വീണ്ടെടുത്ത് ഉടമക്ക് കൈമാറി. ഫോണിന് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. വെള്ളച്ചാട്ടത്തിന് ചുറ്റും കൂടിയ സമീപവാസികള്‍ കൈയ്യടിയോടെയാണ് സേനയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്. പ്രവര്‍ത്തന ക്ഷമമായ ഫോണ്‍ ഉടമസ്ഥനെ ഏല്‍പിച്ച് ഫയർ ഫോഴ്സ് മടങ്ങി.
ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. കുളത്തിലും പുഴയിലും വെള്ളച്ചാട്ടത്തിലും പോകുന്നവര്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പുറത്ത് സൂക്ഷിച്ച് വയ്ക്കുന്നത് ഉചിതമായിരിക്കുമെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കരീം കണ്ണൂക്കാരന്‍ പറഞ്ഞു.