ആപിൽനിന്ന് പുറത്തുകടക്കാതെ തന്നെ വീഡിയോകളും ഫോട്ടോകളും സ്റ്റോറിയിലൂടെ എഡിറ്റ് ചെയ്യാനുള്ള എ.ഐ പവർ ടൂൾ ഫീച്ചർ അവതരിപ്പിച്ച് മെറ്റയുടെ ഇന്‍സ്റ്റഗ്രാം. ചിത്രത്തിൽ പുതിയതായി എന്തെങ്കിലും കൂട്ടിച്ചേർക്കാനും മായ്ച്ച് കളയാനും നിലവിലുള്ള ദൃശ്യ ഘടകങ്ങളെ പരിഷ്കരിക്കാനും പ്രോംപ്റ്റുകൾ ഉപയോഗിച്ച് ക്രിയാത്മകമായി മാറ്റങ്ങൾ വരുത്താനും സാധിക്കും. ഇതിന് ഉപയോക്താക്കളെ അനുവദിക്കുന്ന ടൂൾ റീസ്റ്റൈൽ മെനുവിൽ പെയിന്റ് ബ്രഷിന് അടുത്തായി ലഭ്യമാണ്.
ആദ്യം ഈ ഫീച്ചർ മെറ്റ എ.ഐ ചാറ്റ്ബോട്ട് വഴി മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ ഇനി മുടിയുടെ നിറം മാറ്റാനും, ആഭരണങ്ങൾ മാറ്റാനും, ബാക്ക്ഗ്രൗണ്ടുകൾ വ്യത്യസ്തപ്പെടുത്താനും സഹായിക്കുന്ന എ.ഐ പവർ ടൂൾ ഫീച്ചർ ഇന്‍സ്റ്റഗ്രാമിൽ ലഭ്യമാണ്. പ്രീസെറ്റ് സ്റ്റൈലുകളോടൊപ്പം സൺഗ്ലാസും ബൈക്കർ ജാക്കറ്റുകളും ഉൾപ്പെടെയുള്ള എഫക്ടുകളും ഇതിൽ ഉണ്ട്.
നിബന്ധനകളോടുകൂടിയാണ് മെറ്റ എ.ഐ പവർ ടൂൾ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. അതിനാൽ ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾ അതെല്ലാം അംഗീകരിക്കലും നിർബന്ധമാണ്. പ്രോംപ്റ്റുകൾ അനുസരിച്ച് ചിത്രങ്ങളിൽ മാറ്റം വരുത്താൻ ഇത് അനുവദിക്കുന്നു. കൗമാരക്കാരുടെ എ.ഐ ഇടപെടലുകളും ചാറ്റുകളും നിയന്ത്രിക്കാനും നിരീക്ഷിക്കാനും മാതാപിതാക്കളെ അനുവദിക്കുന്ന പാരന്റൽ കൺട്രോളും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്.
