തിരുവനന്തപുരം > തമിഴ്‍നാട്ടിൽ ഫെയ്ൻജൽ ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന് പിന്നാലെ കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു. മുരിങ്ങക്കായക്ക് വിപണിയിൽ കൈപൊള്ളുന്ന വിലയാണ്. ഇന്ന് തിരുവനന്തപുരത്ത് ഒരുകിലോ മുരിങ്ങയുടെ വില 270-300 രൂപയാണ്. എറണാകുളത്തെ വില 200 രൂപയാണ്. കാസർകോടും കണ്ണൂരും 450 രൂപ കടന്നു. തക്കാളി, ഏത്തക്ക, ഉള്ളി, കിഴങ്ങുവർഗങ്ങൾ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയുടെയെല്ലാം വില കുതിച്ചുയർന്നു. ചെറിയ തുകയ്ക്ക് ലഭിച്ചിരുന്ന കറിവേപ്പിലക്ക് കിലോക്ക് 60 രൂപ കടന്നു. തിരുവനന്തപുരം മാർക്കറ്റിൽ മല്ലിയില കിലോയ്ക്ക് 100 രൂപയാണ് ഇന്നത്തെ വില. മത്തൻ, വെള്ളരി, കക്കിരി എന്നിവയ്‌ക്കാണ് വിപണിയിൽ ഏറ്റവും വില കുറവ്.
കേരളത്തിൽ ഇപ്പോൾ സീസൺ അല്ല. ശബരിമല സീസൺ ആയതോടെ തമിഴ്‍നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. ഇത് വിലക്കയറ്റത്തിന് വഴിവച്ചിരുന്നു. ഇതോടൊപ്പം തമിഴ്‍നാട്ടിൽ ഫെയ്ൻജൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ദുരന്തം വിതച്ചതോടെ വില കുതിച്ചുയർന്നു. വില കൂടിയതിന് പിന്നാലെ പച്ചക്കറി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. മാർക്കറ്റിലെത്തുന്നവർ വിലകേട്ട് സാധനം വാങ്ങാതെ മടങ്ങുകയാണെന്ന് കച്ചവടക്കാർ പറയുന്നു.
ഇന്നത്തെ വില വിവരം (തിരുവനന്തപുരം)
മുരിങ്ങ: 270-300 രൂപ
തക്കാളി: 44 രൂപ
സവാള: 80 രൂപ
കൊച്ചുള്ളി: 88 രൂപ
വെളുത്തുള്ളി: 380-420 രൂപ
ഉരുളക്കിഴങ്ങ്: 50-58 രൂപ
തേങ്ങ: 70 രൂപ
വെണ്ടയ്ക്ക: 44 രൂപ
കത്തിരിയ്ക്ക: 40 രൂപ
വെള്ളരിയ്ക്ക: 40 രൂപ
പടവലം: 40 രൂപ
വഴുതനങ്ങ: 48 രൂപ
ക്യാരറ്റ്: 55-80 രൂപ
ചേമ്പ്: 100 രൂപ
ചേന: 68 രൂപ
മത്തൻ: 20 രൂപ
പച്ച ഏത്തൻ: 70 രൂപ
ഏത്തപ്പഴം: 80-90 രൂപ
ബീറ്റ്റൂട്ട്: 50-60 രൂപ
ബീൻസ്: 60 രൂപ
പാവയ്ക്ക: 70 രൂപ
പയർ: 50 രൂപ
ഇഞ്ചി: 80 രൂപ
ചെറുനാരങ്ങ: 80 രൂപ