ഫുഡ് കോര്‍ട്ട്, ഷോപ്പിംഗ് മാള്‍ തുടങ്ങിയ സൗകര്യങ്ങളോടെ കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ്; ഉദ്ഘാടനം 21 ന്

news image
Oct 18, 2025, 12:27 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: കൊയിലാണ്ടി  നഗരത്തിന്റെ ഹൃദയ ഭൂമിയില്‍ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഴയ ബസ് സ്റ്റാന്‍റ് കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായതുകൊണ്ട് അത് പൊളിച്ചു നീക്കി പുതിയകാലത്തിനനുസരിച്ച് കെട്ടിടം പണിയുന്നതിന് നഗരസഭ എടുത്ത തീരുമാനമാണ് ഇപ്പോള്‍ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്നത്.
21 കോടി രൂപ മതിപ്പ് ചെലവില്‍ 6 നിലകളിലായി 60,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പുതിയ കാലത്തെ ആവശ്യങ്ങളോട് നീതി പുലര്‍ത്തുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മിതി രൂപകല്‍പന ചെയ്തത്.

നഗരത്തിന്റെ തീരാപ്രശ്നമായിരുന്ന സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് പരിമിതി ഒരു പരിധി വരെ പരിഹരിക്കുന്നതിന് അണ്ടര്‍ ഗ്രൌണ്ടില്‍ 10,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 80 കാറുകളും, 200 ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഗ്രൌണ്ട് ഫ്ളോറില്‍ 20 ഷോപ്പ് മുറികള്‍, ഒന്നാം നിലയില്‍ 21 മുറുകള്‍ എന്നിവയ്ക്കൊപ്പം രണ്ട്, മൂന്ന്, നാല് നിലകളിലായി ഓരോ നിലയിലും 10,000 സ്ക്വയര്‍ ഫീറ്റ് വീതം വിസ്തൃതിയില്‍ ഷോപ്പിംഗ് മാള്‍, ടെക്സ്റ്റയില്‍സ് ഷോറൂമുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫുഡ് കോര്‍ട്ട്, ഗോള്‍ഡ് സൂക്ക്, ഓഫീസ് മുറികള്‍, ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങല്‍ക്കുള്ള സൌകര്യം, റൂഫ് ടോപ്പ് കഫ്റ്റീരിയ, നാലാം നിലയില്‍ 4,000 സ്ക്വയര്‍ ഫീറ്റില്‍ മള്‍ട്ടി പ്ലക്സ് തിയ്യറ്റര്‍ സൌകര്യങ്ങള്‍ എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
കെ യു ആർ ഡി എഫ് സി (കേരള അര്‍ബ്ബന്‍ & റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍) വായ്പ സൌകര്യവും നഗരസഭയുടെ തനത് ഫണ്ടും സമന്വയിപ്പിച്ചാണ് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് എൻ ഐ ടി യിലെ ആര്‍കിടെക്ച്ചറല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട് മെന്റിലെ വിദഗ്ദരായ എഞ്ചിനീയര്‍മാരാണ് പ്ലാനും, ഡിസൈനും തയ്യാറാക്കിയത്. നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് നിര്‍മ്മാണ മേല്‍നോട്ടവും സാങ്കേതിക സഹായവും ഒരുക്കിയത്. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ടെണ്ടര്‍ ഏറ്റെടുത്ത് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
പഴയ കെട്ടിടങ്ങളുടെ പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി നഗരത്തിന്റെ വ്യാപാര മേഖലയ്ക്ക് ആധുനിക സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം തന്നെ നഗരസഭയുടെ തനത് വരുമാന വര്‍ദ്ധന നേടുക എന്നതും ഈ പ്രൊജക്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. കൂടാതെ ഗതാഗത പ്രശ്നത്തിന്റെ പരിഹാരത്തിനും പൂര്‍ണ്ണതോതിലല്ലെങ്കിലും വലിയൊരളവില്‍ പരിഹാരമുണ്ടാക്കുന്നതിനും അണ്ടര്‍ ഗ്രൌണ്‍ പാര്‍ക്കിംഗ്, ബസ് ബേ എന്നിവ പ്രയോജനപ്പെടും. ഈ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ കൊയിലാണ്ടിയിലെ ഏറ്റവും വലിയ കെട്ടിട സമുഛയം എന്ന ആവശ്യംകൂടി യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്നും ലഭിക്കുന്ന വാടകയിലൂടെ വലിയൊരു തനത് വരുമാന സ്രോതസ്സുകൂടി തുറക്കപ്പെടുന്നതോടെ നഗരത്തിന്റെ വികസനത്തിനുള്ള വിഭവലഭ്യത വലിയതോതില്‍ സാധ്യമായിരിക്കുകയാണ്.
2025 ഒക്ടോബര്‍ 21 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് കേരളാ തദ്ദേശസ്വയം ഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും . കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയാകുന്ന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ എന്നിവരെല്ലാം ഭാഗമാകുന്നു.

എന്നാൽ ഉദ്ഘാടനം ചടങ്ങിൽ സ്ഥലം എംപിയെ ക്ഷണിച്ചില്ലെന്ന് യുഡിഎഫ് ആരോപിച്ചു. ഇതെ തുടർന്ന് ചടങ്ങിൽ നിന്നും വിട്ടു നിൽക്കാനാണ് യു.ഡി എഫിന്റെ തീരുമാനം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe