കണ്ണൂർ : പുതുക്കിയ പാഠ്യപദ്ധതി പ്രകാരം ഫിസിയോതെറപ്പിസ്റ്റിന്റെ പേരിനു മുന്നിൽ ഡോക്ടർ എന്നു ചേർക്കാം. ഫിസിയോതെറപ്പിസ്റ്റെന്ന് അടയാളപ്പെടുത്തുന്ന പി.ടി എന്നീ അക്ഷരങ്ങൾ പേരിനുശേഷം ഉപയോഗിക്കണം. നീറ്റ് പരീക്ഷയുടെ റാങ്ക് പട്ടികയിൽനിന്നാണു ഫിസിയോ തെറപ്പി ഡിഗ്രി പ്രോഗ്രാമിനും അഡ്മിഷൻ നൽകുക.
ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു കാലാവധി നാലരയിൽനിന്ന് 5 വർഷമാക്കുന്നതെന്നും പുതുക്കിയ പാഠ്യപദ്ധതിയിൽ പറയുന്നു. രണ്ടാം വർഷം മുതൽ പ്രായോഗിക പരിശീലനം നൽകും. ഫിസിയോതെറപ്പിയിൽ പിജി ഡിപ്ലോമ കോഴ്സുകളുണ്ടെങ്കിലും പുതുക്കിയ പാഠ്യപദ്ധതിയിൽ ബാച്ലർ, മാസ്റ്റേഴ്സ് ഡിഗ്രികൾക്കാണു പ്രാമുഖ്യം. അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർ മാസ്റ്റേഴ്സ് ഡിഗ്രി നേടണമെന്നും നിർദേശിക്കുന്നു. നാഷനൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രഫഷൻസുമായി സഹകരിച്ചാണു ഫിസിയോതെറപ്പി ഉൾപ്പെടെ 10 കോഴ്സുകളുടെ പാഠ്യപദ്ധതി പരിഷ്കരിച്ചത്.