കോഴിക്കോട്: കൃത്യമായ രേഖകളോ ഉല്‍പന്നവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇല്ലാതെ കൊണ്ടുവരികയായിരുന്ന 4000 കിലോഗ്രാം ശര്‍ക്കര പിടികൂടി. തമിഴ്‌നാട് സേലത്ത് നിന്നെത്തിച്ച 4000 കിലോ ശര്‍ക്കരയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫറോക്കില്‍ വെച്ച് പിടികൂടിയത്. ലോറിയില്‍ വെളുത്ത ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ഇവ. ഉല്‍പന്നവുമായി ബന്ധപ്പെട്ട യാതൊരു വിവരവും ചാക്കില്‍ രേഖപ്പെടുത്തിയിരുന്നില്ല.
മായം ചേര്‍ത്തവയാകാം ഇതെന്നാണ് നിഗമനം. കുറഞ്ഞ വിലയിൽ വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനക്കായി എത്തിച്ചതാകാനാണ് സാധ്യതയെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത ശര്‍ക്കരയില്‍ കൃത്രിമ നിറം ചേര്‍ത്തിയിട്ടുണ്ടെന്നും സംശയമുണ്ട്. ഇത് പരിശോധനക്കായി അയക്കും. ജില്ലയില്‍ ലേബലില്ലാത്ത ശര്‍ക്കര വിതരണം ചെയ്യുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ചിരുന്നു. ഇതിനിടയിലാണ് അനധികൃതമായി ഒരു ലോഡ് ശര്‍ക്കരയെത്തിയത്.