ഫണ്ട് മുഴുവൻ ട്രഷറിയിലേക്ക് മാറ്റി; സർവകലാശാലകൾ പ്രതിസന്ധിയിൽ; ശമ്പളം നൽകാൻ പോലും പാടുപെടുന്നു

news image
Nov 8, 2023, 6:22 am GMT+0000 payyolionline.in

തിരുവനന്തപുരം:  സർക്കാർ നിർദ്ദേശപ്രകാരം സ്വന്തം അക്കൗണ്ടിലെ ഫണ്ടുകൾ മുഴുവൻ ട്രഷറിയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത പ്രതിസന്ധിയിൽ. പല സർവ്വകലാശാലകളും ശമ്പളം നൽകാൻ പോലും പാടുപെടുന്ന അവസ്ഥയിലാണ്.  പെൻഷൻ ഫണ്ട് അടക്കമാണ് ട്രഷറിയിലേക്ക് മാറ്റിയത്.

അക്കൗണ്ടിൽ ബാലൻസുള്ള മുഴുവൻ തുകയും ഉടൻ ട്രഷറിയിലേക്ക് മാറ്റണമെന്ന്, കേരള സർവ്വകലാശാല വിവിധ വകുപ്പ് മേധാവിമാർക്ക് ഒക്ടോബറിൽ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇല്ലെങ്കിൽ ശമ്പള വിതരണത്തിനുള്ള സർക്കാർ ഗ്രാൻറിനെ വരെ ദോഷകരമായി ബാധിക്കും. മാർച്ച് മുതൽ നൽകിയ നിർദ്ദേശങ്ങളുടെ തുടർച്ചയായിരുന്നു ഈ അന്ത്യശാസനം. പദ്ധതി ഫണ്ട്, പദ്ധതിയേതര ഫണ്ട്, തനത് ഫണ്ട്, മുതൽ പെൻഷഷൻ ഫണ്ട് അടക്കം സർവ്വകലാശാലകളിലെ മുഴുവൻ പണവും ട്രഷറിയിലേക്ക് മാറ്റാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്.

സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സർക്കാർ സർവ്വകലാശാലകളുടെ ഫണ്ടിൽ കൈവെച്ചത്. ഇങ്ങിനെ ട്രഷറിയിലേക്കെത്തിയത് കോടികളാണ്. കേരള സര്‍വകലാശാല മാത്രം കൈമാറിയ തനത് ഫണ്ട് 700 കോടി രൂപയാണ്.  ശമ്പളം, വിവിധ ഗഡുക്കളായി സർക്കാർ സർവ്വകലാശാലകൾക്ക് നൽകും. പക്ഷെ പലപ്പോഴും കൃത്യസമയത്ത് ഗഡുക്കൾ പലയിടത്തും കിട്ടാതായി. കേരള പോലുള്ള വലിയ സർവ്വകലാശാലകൾ സ്വന്തം വരുമാനത്തിൽ നിന്ന് അഡ്ജസ്റ്റ് ചെയ്ത് ചെലവ് നടത്തുമ്പോൾ വരുമാനം കുറഞ്ഞവയാണ് പെട്ടത്. കാർഷിക, വെറ്റിനറി, സംസ്കൃത സർവ്വകലാശാലകളും കലാമണ്ഡലവും ശമ്പളം നൽകുന്നത് ഒപ്പിച്ച് മാത്രം. തനത് ഫണ്ട് ട്രഷറിക്ക് പോയതോടെ എല്ലാ സ‍ർവ്വകലാശാലകളിലെയും ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനും വികസന പ്രവർത്തനത്തിനും കാശില്ലാതായി.

യൂണിവേഴ്സിറ്റികളുടെ ഫണ്ടിൽ കയ്യിട്ടതിന് പുറമെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പദ്ധതിയേതര ഫണ്ടിന്റെ അവസാന ഗഡു സർക്കാർ നൽകിയിരുന്നില്ല. 89.2 കോടി രൂപ അന്ന് സർക്കാർ നൽകാതെ പിടിച്ചുവെച്ചു. അതിന്റെ ക്ഷീണം മാറും മുമ്പേയാണ് സ്വന്തം പോക്കറ്റിലെ ഫണ്ട് കൂടി സർക്കാരിന് കൊടുത്ത് സർവകലാശാലകൾ കടുത്ത പ്രതിസന്ധിയിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe