കൊച്ചി: പ്ലാറ്റ്ഫോമിൽ വീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രികര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിനിലാണ് പരാതിക്കിടയായ സംഭവം നടന്നത്.
എറണാകുളം ജംങ്ഷൻ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ട്രെയിനില്‍ കയറ്റാനായി എത്തിച്ച ഭക്ഷണം നിറച്ച ട്രേകള്‍ മറിഞ്ഞ് ഭക്ഷണപ്പൊതികള്‍ പ്ലാറ്റ്ഫോമിലേക്ക് വീഴുകയുണ്ടായി. ഈ ഭക്ഷണപ്പൊതികളിൽ ചിലതിൽ നിന്ന് ഭക്ഷണം താഴെ വീഴുകയും ചിലത് തുറന്നു പോവുകയും ചെയ്തിരുന്നു.
പ്ലാറ്റ്ഫോമിൽ നിന്ന് മാലിന്യം പറ്റാനുള്ള സാധ്യത ഉണ്ടായിരിക്കെ ഭക്ഷണപ്പൊതികള്‍ വീണ്ടും ട്രേകളിൽ നിറച്ച് കാറ്ററിങ് ജീവനക്കാർ വന്ദേഭാരത് ട്രെയിനിൽ കയറ്റുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ വിവരം ജീവനക്കാരെ അറിയിക്കുകയും റെയിൽവേ പോർട്ടലിൽ പരാതിപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെ ബുക്ക് ചെയ്ത യാത്രികർക്ക് ഭക്ഷണം മാറ്റി നൽകുമെന്ന് ട്രെയിൻ ജീവനക്കാർ അറിയിക്കുകയായിരുന്നു.