പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയ മാനദണ്ഡം; റെയില്‍വേയിലെ മാറ്റങ്ങള്‍ തുടരുന്നു

news image
Apr 2, 2025, 6:59 am GMT+0000 payyolionline.in

ഇന്ത്യന്‍ റെയില്‍വേയില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്. കെട്ടിലും മട്ടിലും സുരക്ഷയുടെ കാര്യത്തിലും പുതിയ രീതികളാണ് റെയില്‍വേ നടപ്പിലാക്കിവരുന്നത്.ഇപ്പോഴിതാ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ഒരു യാത്രക്കാരന്റെ പ്രവേശനം എപ്പോള്‍, എങ്ങനെ എന്ന കാര്യത്തിലും മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഇനിമുതല്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കണമെങ്കില്‍ കണ്‍ഫോം ആയ ടിക്കറ്റ് കൂടി കാണിക്കേണ്ടി വരും.

 

 

പരീക്ഷണ അടിസ്ഥാനത്തില്‍ രാജ്യത്തെ തിരക്കേറിയ 60 സ്റ്റേഷനുകളില്‍ ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ അമിതമായ ജനത്തിരക്ക് കുറച്ച്‌ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഈ നിയമം നടപ്പിലാക്കുന്നത്. ടയര്‍ 1 മെട്രോ നഗരങ്ങളിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും പുതിയ രീതി ആദ്യം നടപ്പിലാക്കുക.

കണ്‍ഫേംഡ് ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം എന്നതിനൊപ്പം ജനറല്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്കും പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ സാധിക്കും. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കൈവശമുള്ളവര്‍ എന്ത് ചെയ്യുമെന്നതാണ് പ്രധാനമായും ഉയരുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ പ്രത്യേകം തയ്യാറാക്കിയ വെയ്റ്റിംഗ് റൂമുകളിലേക്ക് മാറണം. എന്നാല്‍ എല്ലാ സ്റ്റേഷനുകളിലും മുഴുവന്‍ യാത്രക്കാരേയും ഉള്‍പ്പെടുത്താന്‍ സൗകര്യം ഉണ്ടാകുമോയെന്നതാണ് ഉയരുന്ന ചോദ്യം.

വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയില്‍ വേസ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നില്‍ക്കണം എന്നാണ് പുതിയ അറിയിപ്പില്‍ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്ന സ്റ്റേഷനുകളില്‍ സീനിയര്‍ ഓഫീസറെ സ്റ്റേഷന്‍ ഡയറക്ടറായി നിയമിക്കും. സ്റ്റേഷന്റെ സ്ഥല പരിമിധി/ ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച്‌ എത്ര പേര്‍ക്കു സ്റ്റേഷനില്‍ പ്രവേശിക്കാം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം സ്റ്റേഷന്‍ ഡയറക്ടര്‍ക്കായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe