വടകര: കക്കൂസ് ക്ലോസറ്റിൽ കാൽ കുടുങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ വടകര ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.അഴിയൂർ സ്വദേശിനിയായ വിദ്യാർഥിനിയുടെ കാലാണ് വീട്ടിനുള്ളിലെ കക്കൂസ് ക്ലോസറ്റിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രി 11.30 നോടെയാണ് അപകടം സംഭവിച്ചത്. വീട്ടുകാരും അയൽവാസികളും ചേർന്ന് ഏറെ ശ്രമിച്ചെങ്കിലും കുട്ടിയുടെ കാൽ പുറത്തെടുക്കാൻ സാധിച്ചില്ല. ഇതേ തുടർന്ന് ഫയർ ഫോഴ്സിൻ്റെ സഹായം തേടുകയായിരുന്നു.
വടകര ഫയർ സ്റ്റേഷനിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ദീപക്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഷിജേഷ്, ബിനീഷ്, റിജീഷ് കുമാർ, ലികേഷ്, അമൽ രാജ്, അഗീഷ്, ജിബിൻ, ഫയർ & റെസ്ക്യൂ ഓഫീസർ ജൈസൽ, റഷീദ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടിയുടെ കാൽ പോറൽ പോലും ഏൽക്കാതെ സുരക്ഷിതമായി പുറത്തെടുത്തത്. തുടർന്ന് കുട്ടിയെ കൂടുതൽ പരിശോധനയ്ക്കായി മാഹിയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.