പ്ലസ് വൺ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിർദേശം പുനരാലോചിക്കുമെന്ന് മന്ത്രി

news image
Jan 23, 2025, 8:45 am GMT+0000 payyolionline.in

പ്ലസ് വൺ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിർദേശം പുനരാലോചിക്കുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നത് സംബന്ധിച്ച് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എൽ.എ, ഉന്നയിച്ച സബ്മിഷനുളള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുടെ മറുപടി പൂർണരൂപത്തിൽ

വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്രമായ വികാസമാണ് പൊതു വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ജീവിത നൈപുണ്യമായ നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിക്കൊണ്ട് ഇതിനായി ആക്ടിവിറ്റി ബുക്ക്, ടെക്സ്റ്റ് ബുക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. എന്നിരുന്നാലും നീന്തല്‍ എന്നു പറയുന്ന നൈപുണ്യം പ്രായോഗിക തലത്തില്‍ എത്തുന്നതിന് ആവശ്യം വേണ്ട നീന്തല്‍കുളങ്ങളുടെ ലഭ്യതക്കുറവ് സംസ്ഥാനത്ത് നിലവിലുണ്ട്.

നീന്തല്‍കുളങ്ങള്‍ മറ്റ് കളിസ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിര്‍മ്മാണ ചെലവിനേക്കാള്‍ ഏറെ വരുന്നത് അവയുടെ പരിപാലനമാണ്. എന്നാല്‍ കുട്ടികളില്‍ ആവശ്യം വേണ്ട ജീവിത നൈപുണ്യം എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് തദ്ദേശ സ്വയംഭരണ, കായിക വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തോടൊപ്പം സന്നദ്ധ സംഘടനകളുടെ സഹായവും ആവശ്യമാണ്.

നേമം നിയോജക മണ്ഡലത്തില്‍ ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയെ ഉള്‍പ്പെടുത്തി പ്രൈമറി തലം മുതല്‍ കുട്ടികള്‍ക്ക് നീന്തല്‍ പഠിപ്പിക്കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വ്യാപകമായി ആവിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കുന്നതാണ്.

2022-23 അധ്യയന വര്‍ഷം വരെ പ്ലസ് വണ്ണില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് നീന്തല്‍ അറിയാമെന്ന സര്‍ട്ടിഫിക്കറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തിരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഹാജരാക്കുന്ന പക്ഷം അഡ്മിഷന് ഗ്രേസ് മാർക്കായി രണ്ട് മാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇതു സംബന്ധിച്ച് വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ഇത്തരത്തില്‍ മാര്‍ക്ക് നല്‍കി വരുന്നില്ല. ഇക്കാര്യത്തിൽ പുനരാലോചന നടത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe