തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിന് ലഭിച്ചത് 54,827 അപേക്ഷ. ട്രാൻസ്ഫർ അലോട്ട്‌മെന്റ് വെള്ളിയാഴ്ച രാവിലെ 10 മുതൽ പ്രവേശനം സാധിക്കുന്ന വിധത്തിൽ പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൽമാർ ചെയ്ത് കൊടുക്കുകയും ട്രാൻസ്ഫർ അലോട്ട്‌മെന്റ് ലെറ്റർ പ്രിന്റൗട്ട് എടുത്ത് നൽകുകയും വേണം.
അതേസ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രവേശനം മാറ്റി കൊടുക്കണം. യോഗ്യത സർട്ടിഫിക്കറ്റ്, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/ കോഴ്‌സിൽ 28ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ മെറിറ്റ് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷനായി 29ന് പകൽ രണ്ടിനകം പ്രസിദ്ധീകരിക്കും.