പ്ലസ് വൺ ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിയ നിലയിൽ; പരീക്ഷാ കമ്മീഷണർ ഇടപെട്ടു, പുതിയ പേപ്പറുകൾ വിതരണം ചെയ്യും

news image
Mar 5, 2026, 9:34 am GMT+0000 payyolionline.in

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റുകൾ സ്കൂളുകളിൽ തുറന്ന നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് വിവാദമായ വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ മുഴുവൻ പിൻവലിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിലാണ് പാക്കറ്റുകൾ പൊട്ടിയ നിലയിൽ കണ്ടത്. മാർച്ച് 11-ന് നടക്കേണ്ട അറബിക് പരീക്ഷയുടെയും മാർച്ച് 21-ലെ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. സുരക്ഷാ വീഴ്ച കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും ഈ വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ പിൻവലിക്കാനാണ് പരീക്ഷാ കമ്മീഷണറുടെ തീരുമാനം.

​സംഭവത്തിൽ പരീക്ഷാ സെക്രട്ടറി രണ്ട് സ്കൂളുകളിൽ നിന്നും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെ, ചോദ്യപേപ്പർ അച്ചടിച്ച പ്രസ്സ് അധികൃതർ സ്വന്തം ചെലവിൽ പുതിയ ചോദ്യപേപ്പറുകൾ തയ്യാറാക്കി ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകളാണ് ഇത്തരത്തിൽ പിൻവലിക്കേണ്ടി വരുന്നത്. പകരം ചോദ്യപേപ്പറുകൾ വ്യാഴാഴ്ച മുതൽ വിതരണം ആരംഭിക്കും.

​പുതിയ ചോദ്യപേപ്പറുകൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും കവചിത വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ മുൻകൂർ തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിയതുമായി ബന്ധപ്പെട്ട കാരണങ്ങൾ കണ്ടെത്താൻ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. പരീക്ഷാ നടത്തിപ്പിന്റെ രഹസ്യസ്വഭാവം ഉറപ്പുവരുത്താൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe