തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കും. 9ന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്മെന്റ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവശ്യമായ രേഖകൾ സഹിതം അലോട്മെന്റ് ലഭിച്ച സ്കൂളിൽ എത്തി പ്രവേശനം നേടണം. മൂന്നാമത്തെ അലോട്ട്മെന്റ് 2025 ജൂൺ 16 ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 16, 17 തീയതികളിൽ പൂർത്തിയാക്കും. തുടർന്ന് ജൂൺ 18 ന് ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ളാസുകൾ ആരംഭിക്കും. ഒന്നാമത്തെ അലോട്ട്മെന്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശനവിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്യ അലോട്ട്മെന്റിൽ 1,21,743 പേർ സ്ഥിര പ്രവേശനം നേടി. മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്മെന്റ് നൽകിയതിൽ 1,21,743 പേർ സ്ഥിര പ്രവേശനവും 99,525 പേർ താൽക്കാലിക പ്രവേശനവും നേടിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 27074 ആണ്. ഒന്നാമത്തെ അലോട്ട്മെന്റിൽ സ്പോർട്സ് ക്വാട്ടയിൽപ്രവേശനം നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം2649 താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം 2021. അലോട്ട്മെന്റ്നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 1430. ഒന്നാമത്തെ അലോട്ട്മെന്റിൽ മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ പ്രവേശനം നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 914 ആണ്. താൽക്കാലിക പ്രവേശനം നേടിയവരുടെ എണ്ണം108. അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 279 ആണ്

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            