പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഇടംനേടിയവര്‍ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങള്‍ ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ 35,947പേരാണ് ഇടംനേടിയത്.
പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഒമ്പതുമുതല്‍ 11വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിക്കാവുന്നതാണ്. ജൂലൈ 16ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒഴിവുള്ള സീറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് അഡ്മിഷന് അവസരം നല്‍കും.
53,789 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്. 6,254 പേര്‍ മറ്റു ജില്ലകളില്‍കൂടി അപേക്ഷിച്ചവരാണ്. അലോട്ട്മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഇതുവരെ മെറിറ്റില്‍ 2,68,584 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. അലോട്ട്‌മെന്റ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. അണ്‍ എയ്ഡഡ് ഉള്‍പ്പെടെ ആകെ 3,48,906 പേരാണ് പ്ലസ് വണ്ണില്‍ പ്രവേശനം നേടിയത്.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. 84 പേര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 334 സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്.