കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിപറമ്പ് പാറക്കപറമ്പത്ത് വീട്ടിൽ തുഫൈൽ (22) ആണ് പിടിയിലായത്. ഒരു വർഷത്തോളമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2024 നവംബറിലാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ ഫോണിലേക്ക് അശ്ലീല വിഡിയോ അയച്ച പ്രതി, പിന്നീട് മാവൂർ കൽപള്ളിയിലുള്ള സ്വന്തം വീട്ടിലെത്തിച്ച് പെൺകുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ തുഫൈൽ, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2025 നവംബർ വരെ പലതവണ ബലാത്സംഗം ചെയ്തു.
ഭീഷണി ഭയന്ന് വിവരം പുറത്തുപറയാതിരുന്ന പെൺകുട്ടി ഒടുവിൽ പോലീസിനെ സമീപിക്കുകയായിരുന്നു. മാവൂർ സബ് ഇൻസ്പെക്ടർ രമേഷ്, എസ്.സി.പി.ഒമാരായ ഷിബു, ജിനചന്ദ്രൻ, ബിബിൻലാൽ എന്നിവരടങ്ങിയ സംഘമാണ് മാവൂരിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
