പ്രസംഗത്തിനിടെ അനൗൺസ്മെന്റ്: കുപിതനായി മുഖ്യമന്ത്രി, കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി

news image
Sep 23, 2023, 6:53 am GMT+0000 payyolionline.in

കാസർകോട്: പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

 

 

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.

 

സിപിഎമ്മിന്റെ കാസർകോട് ജില്ലയിലെ ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് ബേഡഡുക്ക. ഇവിടെയാണ് പാർട്ടി ഭരണത്തിലുള്ള ബാങ്കിന്റെ കെട്ടിട നിർമ്മാണ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയത്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.

സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ ശ്രമിക്കുന്നുവെന്ന് പ്രസംഗം പാതിയിൽ നിർത്തുന്നതിന് മുൻപ് മുഖ്യമന്ത്രി പറഞ്ഞു. ചില പുഴുക്കുത്തുകൾ ചിലയിടങ്ങളിൽ ഉണ്ടാവാം. അഴിമതി മാർഗം സ്വീകരിച്ചവർക്കെതിരെ കർശന നടപടിയാണ്‌ സർക്കാർ എടുത്തത്. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിക്കുന്നുവെന്നും സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണത്തെ പരോക്ഷമായി വിമർശിച്ച് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe