തിരുവനന്തപുരം: പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം അഴിച്ചുപണിയുന്നു. നിലവിലെ തസ്തികകളിൽ മാറ്റം വരുത്താൻ ഡയറക്ടർ ബോർഡ് അനുമതി നൽകി. വിജിലൻസ് ഓഫിസറുടെ കീഴിൽ ബോർഡ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരുടെ ആകെ എണ്ണം 14 ആയി നിലനിർത്തിയെങ്കിലും ചില തസ്തികകൾ ഒഴിവാക്കി. മറ്റു ചിലതിൽ എണ്ണം കുറച്ചു.
സൂപ്രണ്ട് ഓഫ് പൊലീസ് തസ്തിക ഒഴിവാക്കിയതിനൊപ്പം രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ എണ്ണം ഒന്നാക്കി. പുതുതായി സർക്കിൾ ഇൻസ്പെക്ടറുടെ തസ്തിക സൃഷ്ടിച്ചു. സബ് ഇൻസ്പെക്ടുടെ ഒരു തസ്തിക മൂന്നാക്കി. അസി.സബ് ഇൻസ്പെക്ടരുടെ ഒരു തസ്തികയുണ്ടായിരുന്നത് ഒഴിവാക്കി. എട്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ തസ്തിക തുടരും.
കെ.എസ്.ഇ.ബി ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികളിലെ അന്വേഷണങ്ങൾക്ക് പുറമെ, അനധികൃത വൈദ്യുതി കണക്ഷൻ, കണക്ഷൻ ദുരുപയോഗം, സ്റ്റോറുകളുടെയും മറ്റ് സ്വത്തുക്കളുടെയും ദുരുപയോഗം, ജീവനക്കാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടതടക്കം ക്ലിയറൻസുകൾ തുടങ്ങിയവയും വിജിലൻസ് നടത്തുന്നു. വിജിലൻസ് വിഭാഗത്തിന് കീഴിലാണ് ആന്റി-പവർ-തെഫ്റ്റ് സ്ക്വാഡും പ്രവർത്തിക്കുന്നത്.
ഉൽപാദന, പ്രസരണ, വിതരണ മേഖലകളിൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം വിജിലൻസ് വിഭാഗവും കാലോചിതമായി പരിഷ്കരിക്കണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തസ്തികകളും ആവശ്യകതയും പരിശോധിച്ച് പരിഷ്കരണത്തിനുള്ള തീരുമാനം. നിലവിലുണ്ടായിരുന്ന തസ്തികകളിൽ വരുത്തിയ പരിഷ്കാരം വിജിലൻസ് വിഭാഗത്തിന് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.