പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ കെ-റീപിൽ, സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളെയും ബന്ധിപ്പിക്കും: മന്ത്രി

news image
Oct 9, 2024, 5:10 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം മുഴുവൻ സർവകലാശാകളിലും നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തിരുവനന്തപുരം ഐ എം ജിയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ് കേരളയും സംയുക്തമായി നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും ഇവയെല്ലാം പരസ്പ്പര ബന്ധമില്ലാതെയാണ് നടക്കുന്നത്. ഇതെല്ലാം കെ-റീപ് വഴി ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതോടെ സർവകലാശാലകൾ, കോളജുകൾ എന്നിവ ഒറ്റ കുടക്കീഴിലേക്ക് മാറും കേരള റിസോഴ്‌സ് ഫോർ എജുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ് (കെ റീപ്പ്) എന്ന പ്ലാറ്റ്‌ഫോമിനു കീഴിൽ എത്തുന്നതോടെ വിദ്യാർഥി പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ ഈ പോർട്ടൽ വഴി നടക്കും.

അസാപ് കേരളയുടെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി ആൻഡ് കോളജ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരിൽ ഇതിനായി സോഫ്റ്റ് വെയർ വികസിപ്പിച്ചു കഴിഞ്ഞു. കേരളത്തിൽ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം കണ്ണൂർ സർവകലാശാല, കാലടി സംസ്‌കൃത സർവകലാശാല, തിരൂർ മലയാളം സർവകലാശാല എന്നിവിടങ്ങളിൽ നടപ്പിലാക്കി കഴിഞ്ഞു.

ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് മറ്റ് സർവകലാശാലകളും കോളേജുകളും ശ്രദ്ധിക്കണം. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലൂടെ വിദ്യാർത്ഥി കേന്ദ്രീകൃതമായ അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ വിവര സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉന്നത വിദ്യാഭ്യാസ രംഗത്ത്  ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, റിസർച്ച് ഓഫീസർ ഡോ. സുധീന്ദ്രൻ കെ എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe