പ്രവാസി റിക്രൂട്ട്മെൻ്റിൽ സുപ്രധാന നീക്കം, യോഗ്യത പരിശോധനാ സംവിധാനം, 128 രാജ്യങ്ങളിൽ ബാധകം, നടപ്പാക്കി സൗദി

news image
Jul 10, 2024, 5:05 pm GMT+0000 payyolionline.in

റിയാദ്: സൗദിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും ഉറപ്പാക്കുന്ന ‘പ്രഫഷണൽ വെരിഫിക്കേഷൻ’ സംവിധാനം വിദേശരാജ്യങ്ങളിൽ ഏർപ്പെടുത്തുന്നതിന്റെ ആദ്യഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കി.

മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് 128 രാജ്യങ്ങളിലാണ് ഈ സംവിധാനം നിലവിൽ വന്നത്. പ്രഫഷനൽ വെരിഫിക്കേഷൻ നടത്തി ‘പ്രഫഷനൽ അക്രഡിറ്റേഷൻ’ നൽകുന്നതോടെ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനുള്ള മതിയായ യോഗ്യത വിദേശ ഉദ്യോഗാർഥികൾക്ക് കൈവരും.

മന്ത്രിസഭ തീരുമാനപ്രകാരമാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദിയിലേക്ക് പ്രവേശിക്കും മുമ്പ്, പ്രവാസി തൊഴിലാളിക്ക് വിശ്വസനീയമായ അക്കാദമിക് യോഗ്യതകളും ആവശ്യമായ പ്രായോഗിക പരിചയവും വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള, എൻജിനീയറിങ്, ടെക്നിക്കൽ, ഹെൽത്ത് മേഖലകളിലെ തൊഴിലുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കാണ് ഇത് ബാധകം.

അന്താരാഷ്ട്ര അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായാണ് പരിശോധന. ലളിതവും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങളിലുടെ പ്രഫഷനൽ പരിശോധന പൂർത്തിയാക്കുംവിധമാണ് ഈ ഏകീകൃത പ്ലാറ്റ്ഫോം ഒരുക്കിയിട്ടുള്ളത്. ഇത് പൂർണമായും ഓട്ടോമാറ്റിക് സംവിധാനമാണ്. ആദ്യഘട്ടമായാണ് 128 രാജ്യങ്ങളിൽ സംവിധാനം നിലവിൽ വന്നത്. മൊത്തം 160 രാജ്യങ്ങളെ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തുകയാണ് അന്തിമ ലക്ഷ്യം.

മുഴുവൻ ജോലികൾക്കും പ്രഫഷണൽ വെരിഫിക്കേഷൻ ബാധകമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അടുത്ത ഘട്ടങ്ങളിൽ തുടരുമെന്നും മന്ത്രാലയം വിശദീകരിച്ചു. യോഗ്യതയില്ലാത്ത പ്രവാസി തൊഴിലാളികൾ രാജ്യത്തേക്ക് വരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പ്രവാസി തൊഴിലാളികളുടെ യോഗ്യതകളുടെയും നൈപുണ്യ ഡാറ്റയുടെയും ഗുണനിലവാരം ഉയർത്തുന്നതിനും ഈ വെരിഫിക്കേഷൻ നടപടി സഹായിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe