പ്രധാനമന്ത്രി കേരളത്തിൽ; മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു

news image
Jan 16, 2024, 2:34 pm GMT+0000 payyolionline.in

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച  വൈകിട്ട് 6 50 നാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ ഏഴ് മണിയോടെ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി.

കേന്ദ്രമന്ത്രി വി. മുരളീധരന്‍,  പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എ.എന്‍. രാധാകൃഷ്ണന്‍, പി.എസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണന്‍, സതീഷ്, രമ ജോര്‍ജ്, പി.ടി. രതീഷ്, വി.ടി. രമ, വി.എ. സൂരജ്, കെ.പി. മധു, എന്‍. ഹരിദാസന്‍, എ. അനൂപ് കുമാര്‍, പി. ദേവ്‌രാജന്‍ ദേവസുധ, അനിരുദ്ധന്‍, ഡോ. വൈശാഖ് സദാശിവന്‍,  ഇ.യു ഈശ്വര്‍ പ്രസാദ് എന്നിവരും  പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലുണ്ടായിരുന്നു.

രാത്രി 7.30 ഓടെ റോഡ് ഷോ തുടങ്ങും. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി, ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോ മീറ്റ‌ർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റ് രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. ഇതിന് ശേഷമാകും ദില്ലിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും. ഒപ്പം തന്നെ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

മഹാരാജാസ് ​ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe