പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് ആക്ഷേപമാണ്, രാജ്യദ്രോഹമല്ല: ബെംഗളൂരു ഹൈക്കോടതി

news image
Jul 7, 2023, 2:59 pm GMT+0000 payyolionline.in

ബെംഗളൂരു: പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ വാക്കുകൾ ആക്ഷേപവും നിരുത്തവാദിത്വപരവുമാണെങ്കിലും രാജ്യദ്രോഹമല്ലെന്ന് ബെംഗളൂരു ഹൈക്കോടതി. ബിഡാറിലെ ഷഹീൻ സ്കൂൾ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയാണ് കോടതിയുടെ പരാമർശം. ‘പ്രധാനമന്ത്രിയെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന പരാമർശത്തിൽ’ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു കേസ്. മാനേജ്മെന്റ് പ്രതിനിധികളായ അലാവൗദീൻ, അബ്‌ദുൽ ഖലീഖ്, മുഹമ്മദ് ബിലാൽ ഇനാംദർ, മുഹമ്മദ് മെഹതാബ് എന്നിവർക്കെതിരെ ന്യൂ ടൗൺ പൊലീസ് സ്റ്റേഷന്റെ എഫ്ഐആർ ആണ് കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ കൽബുർഗി ബെഞ്ചിൽ ജസ്റ്റിസ് ഹേമന്ദ് ചന്ദ്രഗൗഡറാണ് കേസ് പരിഗണിച്ചത്.

ഇവർക്കെതിരെ ചുമത്തിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ കേസിലില്ലെന്നു കോടതി നിരീക്ഷിച്ചു. ‘‘സർക്കാരിനെ വിമർശിക്കാനുള്ള അധികാരമുണ്ട്. എന്നാൽ ഭരണഘടനാപരമായ തീരുമാനമെടുത്തതിന് അധിക്ഷേപിക്കാനാകില്ല’’ കോടതി നിരീക്ഷിച്ചു.

2020 ജനുവരിയിൽ സ്കൂളിൽ നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികൾ സിഎഎയുമായി ബന്ധപ്പെട്ട നാടകം അവതരിപ്പിച്ചിരുന്നു. ഇതിലാണ് കേന്ദ്രസർക്കാരിനെ വിമർശിച്ചും പ്രധാനമന്ത്രിയെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന പരാമർശമുണ്ടായതും. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ തുടർന്ന് മുസ്‌ലിംകൾ രാജ്യത്തുനിന്നു നാടുവിടേണ്ടി വരുമെന്ന പരാമർശവുമുണ്ടായിരുന്നു.

സ്കൂൾ പരിസരത്ത് നടന്ന നാടകത്തിന്റെ ദൃശ്യം മാനേജ്മെന്റ് അംഗങ്ങളിൽ ഒരാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോഴാണ് പുറത്തേക്കറിഞ്ഞത്. ഇതേതുടർന്ന് എബിവിപി പ്രവർത്തകനായ നിലേഷ് രാക്‌ഷലയാണ് രാജ്യദ്രോഹകുറ്റമാരോപിച്ച് പരാതി നൽകിയത്. ‘‘നാടകം സ്കൂൾ പരിസരത്താണ് നടന്നത്. ഇതിൽ കുട്ടികൾ കലാപത്തിന് ആഹ്വാനം ചെയ്യുന്ന വാക്കുകൾ ഉപയോഗിച്ചിട്ടില്ല. സർക്കാരുകളെ വിമർശിക്കുന്നതിൽനിന്ന് കുട്ടികളെ മാറ്റിനിർത്തണം.

കുട്ടികളുടെ സർഗാത്മകശേഷി വളർത്തുന്ന പാഠ്യേതര പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്. എന്നാൽ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചയാക്കുന്നത് അവരുടെ മനസുകളെ ബാധിക്കും. ഭാവിയെ മുൻനിർത്തി സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിജ്ഞാനം അറിയുന്നതാണ് അഭികാമ്യം. അതു പഠനത്തിനു ഗുണകരമാകും. അതിനു സഹായിക്കുന്ന കാര്യങ്ങൾ സ്കൂളുകൾ ചെയ്യണം. സർക്കാർ നയങ്ങളെ ചോദ്യം ചെയ്യുന്നത് സ്കൂളുകൾ പ്രോത്സാഹിപ്പിക്കരുത്’’– കോടതി നിരീക്ഷിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe