ഗുരുവായൂര്‍∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നത്. വിവാഹങ്ങള്‍ വേണ്ടെന്നുവച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഒരു വിവാഹ സംഘം പോലും കല്യാണം മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരാളോടും വിവാഹം മാറ്റിവയ്ക്കണം എന്ന് ദേവസ്വവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി 17ന് രാവിലെ 8ന് ക്ഷേത്രദർശനം നടത്തി 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും.
പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന 17ന് രാവിലെ 6 മുതല്‍ 9 വരെ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല. ഈ ദിവസം 74 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഇതില്‍ ഏറിയ പങ്ക് വിവാഹങ്ങളും പുലര്‍ച്ചെ 5 മുതല്‍ 6 വരെ നടത്തും. സുരക്ഷ മൂലം എത്തിച്ചേരാനും തിരിച്ചുപോകാനുമുള്ള ബുദ്ധിമുട്ട് പരിഗണിച്ച് കൂടുതല്‍ വിവാഹസംഘങ്ങള്‍ പുലര്‍ച്ചെ 5 മുതല്‍ 6 വരെ വിവാഹം നടത്താന്‍ തീരുമാനിച്ച് പൊലീസിനെ അറിയിച്ചു.
ഇപ്പോള്‍ 4 കല്യാണമണ്ഡപങ്ങളാണു ക്ഷേത്രത്തിനു മുന്നിലുള്ളത്. 2 താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി ദേവസ്വത്തിന്റെ പക്കലുണ്ട്. സുരക്ഷാവിഭാഗം അനുവദിച്ചാല്‍ ഇതുകൂടി ഉപയോഗിക്കും. 14ന് രാവിലെ 10.30ന് ദേവസ്വത്തിന്റെ നാരായണീയം ഹാളില്‍ കലക്ടറും സ്‌പെഷല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പും അടങ്ങുന്നവരുടെ ഉന്നതതല യോഗത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
ക്ഷേത്രത്തില്‍ ശബരിമല സീസണ്‍ കഴിഞ്ഞുള്ള ആദ്യത്തെ ഉദയാസ്തമയ പൂജ 17നാണ്. രാവിലെ 6ന് മുന്‍പായി ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂര്‍ത്തിയാക്കി ഉദയാസ്തമയ പൂജ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 9 വരെ പൂജയ്ക്കും ചടങ്ങുകള്‍ക്കും വേണ്ട നമ്പൂതിരിമാരും പാരമ്പര്യ അവകാശികളും മാത്രമാകും ക്ഷേത്രത്തില്‍ ഉണ്ടാവുക. പൂജകള്‍ തടസ്സമില്ലാതെ നടക്കും.