കൊയിലാണ്ടി: കഥകളി വിദ്യാലയം ഏർപ്പെടുത്തിയ ഗുരു ചേമഞ്ചേരി പുരസ്കാരം കഥകളി വേഷം കലാകാരനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന് നൽകാൻ പുരസ്കാര നിർണ്ണയത്തിനുള്ള ജൂറി നിർദ്ദേശിച്ചു.
ഗുരുവിൻ്റെ ജന്മനാളിൽ കഥകളി വിദ്യാലയത്തിൽ നടന്ന പിറന്നാളാഘോഷ വേളയിൽ കാനത്തിൽ ജമീല ,എം എൽ എ പുരസ്കാര ജേതാവിൻ്റെ പേര്
പ്രഖ്യാപിച്ചു.
ആഗസ്റ്റ് ആദ്യവാരം കൊയിലാണ്ടിയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര വിതരണം നടക്കുന്നത്. ക്യാഷ് അവാർഡിന് പുറമെ ആർടിസ്റ്റ് മദനൻ രൂപകല്പന ചെയ്ത ശില്പം ,പ്രശാസാ പത്രം എന്നിവയും ജേതാവിന് സമ്മാനിക്കും.
പ്രഥമ പുരസ്കാരത്തിനായി പരിഗണിച്ചത് കഥകളി വേഷം കലാകാരനെയാണ്.
ഡോ. എം.ആർ രാഘവ വാരിയർ ,കോട്ടക്കൽ കേശവൻ കുണ്ഡലായർ ,
മദൻ കെ.മേനോൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഗുരു ചേമഞ്ചേരിയുടെ സ്മരണാർത്ഥം എല്ലാ വർഷവും അദ്ദേഹത്തിൻ്റെ പിറന്നാൾ ദിനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കലാകാരന് പുരസ്കാരം സമ്മാനിക്കാനാണ് കഥകളി വിദ്യാലയം പ്രവർത്തകർ തീരുമാനിച്ചിട്ടുള്ളത്.
ഗുരുവിൻ്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ചു നടന്ന പുരസ്കാര പ്രഖ്യാപന സമ്മേളനത്തിൽ ഡോ. എം. ആർ. രാഘവ വാരിയർ ,ഗുരു പൂജാ പുരസ്കാര ജേതാവ് ശിവദാസ് ചേമഞ്ചേരി , ചെങ്ങോട്ടു കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ , ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.എം കോയ, യു.കെ രാഘവൻ മാസ്റ്റർ കഥകളി വിദ്യാലയം ഭാരവാഹികളായ ഡോ. എൻ.വി സദാനന്ദൻ , പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ എന്നിവർ സംസാരിച്ചു.