പ്രതിക്ക് ഇൻസ്റ്റഗ്രാമിൽ 12,000 ഫോളോവേഴ്സ്; യുവതിയുടെ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ, പണം തട്ടി, ഒടുവിൽ കൊല

news image
Jan 23, 2025, 6:16 am GMT+0000 payyolionline.in

തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി തിരച്ചിൽ. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസൺ ആണ് കൃത്യം നടത്തിയതെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയിരുന്നു.

ഒരു വർഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. ഇയാൾക്ക് കൊല്ലപ്പെട്ട യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസന് നൽകിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ കൂടുതൽ പണം തട്ടിയിരുന്നത്. ഒടുവിൽ തന്റെ ഒപ്പം വരണമെന്ന് ജോൺസൺ യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടന്ന ദിവസം രാവിലെ ഒൻപത് മണിയോടെ വീട്ടിലെത്തിയ ജോൺസൻ ബോധംകെടുത്തിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രതി പെരുമാതുറയുടെ വാടക വീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുളള ആളാണ് പ്രതി ജോൺസൺ.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു.  ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe