പ്രണയനൈരാശ്യം; വന്ദേഭാരതിന് മുന്നിൽ ചാടി ആത്മഹത്യാശ്രമം: വടകരയിൽ യുവാവിനെ രക്ഷപ്പെടുത്തി കൺട്രോൾ റൂം പോലീസ്

news image
Nov 7, 2025, 9:59 am GMT+0000 payyolionline.in

വടകര: വടകരയില്‍ വന്ദേഭാരത് എക്‌സ്പ്രസിനു മുമ്പില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി കണ്‍ട്രോള്‍ റൂം പൊലീസ്. റെയില്‍വേ ട്രാക്കില്‍ മുഖംതാഴ്ത്തി ഇരിക്കുകയായിരുന്ന ഇയാളെ പൊലീസ് രക്ഷപ്പെടുത്തി മിനിറ്റുകള്‍ക്കകമാണ് വന്ദേഭാരത് ഇതുവഴി കടന്നുപോയത്.

ഇന്ന് രാവിലെ എട്ട് മണിക്കും എട്ടരയ്ക്കും ഇടയിലായിരുന്നു സംഭവം. യുവാവിനെ വടകര ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ സംശയാസ്പദമായി കണ്ടതായി കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. കണ്‍ട്രോള്‍ റൂമിലെ പൊലീസ് റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. റെയില്‍വേ പൊലീസ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

റെയില്‍വേ പൊലീസിന്റെ മറുപടിയില്‍ തൃപ്തിവരാതെ കണ്‍ട്രോള്‍ റൂമിലെ പൊലീസുകാര്‍ വാഹനവുമായി വടകര ഭാഗത്തേക്ക് പോയി. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 300 മീറ്റര്‍ ദൂരം പയ്യോളി ഭാഗത്തേക്ക് ട്രാക്കിലൂടെ നടന്നുപോയപ്പോഴാണ് ട്രാക്കില്‍ മുഖം കുനിച്ചിരിക്കുന്ന യുവാവിനെ കണ്ടെത്തിയത്.

ഉടനെ പൊലീസ് ഇയാളെ ട്രാക്കില്‍ നിന്നുമാറ്റി. ഇതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ഭാഗത്തേക്കുള്ള വന്ദേഭാരത് ട്രാക്കിലൂടെ കടന്നുപോയത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് യുവാവിന്റെ മൊഴി. പൊലീസ് ഇയാളെ അനുനയിപ്പിക്കുകയും കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe