പഹൽഗാം ഭീകരാക്രമണത്തിന് ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ പാക്ക് അധിനിവേശ കശ്മീരിലെയും പാക്കിസ്ഥാനിലെയും തിരഞ്ഞെടുത്ത ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തി ഇന്ത്യ മറുപടി നൽകി. ഇതിനു പാക്കിസ്ഥാന്റെ പ്രതികരണം എന്താകുമെന്ന് ഏവരും ഉറ്റുനോക്കുന്നു. വിപുലമായ യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും നീങ്ങുമോ എന്ന ആശങ്കയ്ക്കിടയിൽ അയൽരാജ്യമായ ചൈനയുടെ നിലപാട് നിർണായകമാകും. അപകടകരമായ ഈ സാഹചര്യത്തിൽ പാക്കിസ്ഥാനെ സഹായിക്കാൻ ചൈന തയാറാകുമോ എന്ന ചോദ്യം പ്രസക്തം.
വർഷങ്ങളായി ചൈന പാക്കിസ്ഥാനെ സാമ്പത്തികമായും സൈനികമായും സഹായിച്ചുവരുന്നുണ്ട്. പാക്ക് സൈന്യത്തിന് ജെ–10 പോലുള്ള അത്യാധുനിക പോർവിമാനങ്ങളും പിഎൽ–15 ദീർഘദൂര മിസൈലുകളും ഉൾപ്പെടെ ചൈന നൽകുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ലഡാക്കിലും വടക്കുകിഴക്കൻ അതിർത്തിയിലും ഇന്ത്യയെ നേരിട്ട് ആക്രമിച്ച് ചൈന പാക്കിസ്ഥാനെ തുണയ്ക്കുമോ എന്നാണറിയേണ്ടത്. ആ സാഹചര്യത്തിൽ രണ്ട് അതിർത്തികളിലേക്കുമായി ഇന്ത്യയ്ക്ക് സൈന്യത്തെ വിഭജിച്ച് വിന്യസിക്കേണ്ടി വന്നാൽ അതു തീർച്ചയായും പാക്കിസ്ഥാന് ആശ്വാസമാകും. അതിർത്തിയിൽ ചൈനയ്ക്കു തന്ത്രപരമായ നേട്ടമുണ്ടാക്കാനും ഇതു സഹായിക്കും. ചൈന പ്രകോപനത്തിനു മുതിരില്ലെന്ന് ആശ്വസിക്കാൻ നമുക്ക് നാലു കാരണങ്ങളുണ്ട്. ഒന്നാമത് വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഏതൊരാക്രമണത്തിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഹിമാലയ പർവതനിരകളുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ചെങ്കിസ്ഖാൻ ഉൾപ്പെടെയുള്ള ആക്രമണകാരികളിൽ നിന്ന് ഹിമാലയം നമ്മെ സംരക്ഷിച്ചിട്ടുണ്ട്. വടക്കു പടിഞ്ഞാറു നിന്നായിരുന്നു ഇന്ത്യയിലേക്കുള്ള ആക്രമണങ്ങളും അധിനിവേശങ്ങളും. രണ്ടാമത് പർവതനിരകളിലെ യുദ്ധവിജയത്തിന് എതിരാളിക്കുള്ളതിന്റെ എട്ടിരട്ടി സേനാബലം ആവശ്യമാണെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ടിബറ്റ് പീഠഭൂമിയിലെ പ്രത്യേക സാഹചര്യത്തിൽ ചൈനയ്ക്ക് ഇതുപോലും മതിയാകില്ല. ടിബറ്റിൽ ചൈന കഴിഞ്ഞ ദശകങ്ങളിൽ സേനാബലം വൻതോതിൽ വർധിപ്പിച്ചെങ്കിലും ഇന്ത്യയ്ക്കു കാര്യമായ ഭീഷണിയാകാൻ അതു മതിയാകില്ല.
ടിബറ്റിനെ മറന്ന് സിക്കിം, ചുംബി താഴ്‍വര, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലൂടെ ഈ ശീതകാലത്ത് ആക്രമണം എളുപ്പവുമല്ല. മൂന്നാമത്, ടിബറ്റിലെ സേനയെ പിന്തുണയ്ക്കാൻ കിഴക്കൻ ചൈനയിൽ നിന്ന് ഒട്ടേറെ റോഡുകളും റെയിൽപാതകളും വാർത്താവിനിമയ സംവിധാനവും അവർ നിർമിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം എളുപ്പത്തിൽ തകർക്കാൻ ഇന്ത്യയ്ക്കാവും. ഇത് വടക്കൻ മേഖലയിൽ അക്സായ് ചിന്നിലൂടെ സഹായമെത്തിക്കുന്നതിനും ബാധകമാണ്. അവസാനമായി തയ്‍വാനിലും തെക്കൻ ചൈന കടലിലുമാണ് ചൈന ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതു മറന്ന് ഇന്ത്യയുമായി കരയുദ്ധത്തിന് അവർ ഒരിക്കലും തയാറാകില്ല. പ്രത്യേകിച്ച് യുഎസ് ഉൾപ്പെടെയുള്ള ചൈനാവിരുദ്ധ ശക്തികൾ ഇന്ത്യയെ തുണയ്ക്കാൻ സാധ്യതയുള്ളപ്പോൾ.
അടുത്തകാലത്ത് ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ബംഗ്ലദേശ് പാക്കിസ്ഥാനെയും ചൈനയെയും പിന്തുണച്ചേക്കാമെന്ന് പറയാനാവും. എന്നാൽ കിഴക്കൻ മേഖലയിൽ ഏതു സാഹചര്യവും നേരിടാനുള്ള സേനാബലം ഇന്ത്യയ്ക്കുണ്ട്. മാത്രമല്ല, ബംഗ്ലദേശിലെ ആഭ്യന്തര സാഹചര്യം നമുക്കെതിരെ തിരിയാൻ അവരെ അനുവദിക്കുന്നതല്ലതാനും. പാക്കിസ്ഥാന് ധാർമികപിന്തുണയേകാനും ആവശ്യമായ ചില സഹായങ്ങൾ നൽകാനും ചൈന മടിക്കില്ലെങ്കിലും ഇന്ത്യയ്ക്കെതിരെ നേരിട്ടൊരു പോരാട്ടത്തിനിറങ്ങാൻ സാധ്യത വിരളമാണ്. ആക്രമണം ഉണ്ടായാൽ അതിനെ വിജയകരമായി പ്രതിരോധിക്കാനുള്ള ശേഷി ഇന്ത്യയുടെ സൈന്യത്തിനുണ്ട്.