മുംബൈ: പോണ്‍ വീഡിയോ ആപ്പുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നടിയും നിർമ്മാതാവുമായ ഗെഹാന വസിഷ്ഠിനെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ച വസിഷ്ഠിന് ഏജൻസി സമൻസ് അയച്ചിരുന്നു. തിങ്കളാഴ്ചയാണ് അവർ ഇഡിക്ക് മുന്നില്‍ ഹാജറായത്. ഈ കേസിൽ വ്യവസായിയും ബോളിവുഡ‍് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ നേരത്തെയും ഏജൻസി സമൻസ് അയച്ചിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ വസിഷ്ഠ് ഇഡിയുടെ മുംബൈ ബല്ലാർഡ് എസ്റ്റേറ്റ് ഓഫീസിൽ എത്തിയത്.
ചോദ്യം ചെയ്യലിന് മുമ്പ്, ഇഡി ഓഫീസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച ഗെഹാന വസിഷ്ഠ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇഡി തന്‍റെ താമസസ്ഥലം റെയ്ഡ് ചെയ്തുവെന്നും. ആ റെയിഡ് 24 മണിക്കൂറോളം നീണ്ടു നിന്നുവെന്നും. ബാങ്ക് അക്കൗണ്ടുകളും മ്യൂച്വൽ ഫണ്ടുകളും എല്ലാം മരവിപ്പിച്ചിരിക്കുകയാണ് എന്നും പറഞ്ഞു.
“ഞാൻ രാജ് കുന്ദ്രയ്‌ക്കൊപ്പം ജോലി ചെയ്തിട്ടില്ല, കുന്ദ്രയുടെ ഓഫീസിൽ ഉണ്ടായിരുന്ന ഉമേഷ് കാമത്തിന് വേണ്ടിയാണ് ഞാൻ ജോലി ചെയ്തത്. ഒരു സിനിമ പ്രൊജക്റ്റ് ചെയ്യുമ്പോഴെല്ലാം, ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യൻമാർക്കും സ്റ്റാഫുകൾക്കും പണം നൽകപ്പെടുന്നു. എനിക്ക് ലഭിച്ച പണത്തിൽ നിന്നാണ് ഞാൻ ഇവർക്കെല്ലാം നൽകിയത്. ഒപ്പം എന്‍റെ പ്രതിഫലമായി ബാക്കിയുള്ള പണം ഞാന്‍ സൂക്ഷിച്ചു” എന്നും ഗെഹാന വസിഷ്ഠ് കൂട്ടിച്ചേര്‍ത്തു.
ചോദ്യം ചെയ്യലിനു ശേഷം വൈകിട്ട് 6.30 ഓടെയാണ് ഗെഹാന വസിഷ്ഠയെ ഇഡി വിട്ടയച്ചത്. പുറത്ത് വന്ന ശേഷവും നടി മാധ്യമങ്ങളോട് സംസാരിച്ചു കുന്ദ്രയെക്കുറിച്ചും ചില വിദേശ പണമിടപാടുകളെക്കുറിച്ചും തന്നോട് ചോദിച്ചതായി ഇവര്‍ പറഞ്ഞു. അശ്ലീല സിനിമ ആപ്പ് ഹോട്ട്‌ഷോട്ടിനായി താൻ 11 സിനിമകൾ ചെയ്തിട്ടുണ്ടെന്നും അതിന് 33 ലക്ഷം രൂപ ലഭിച്ചതായും അവർ പറഞ്ഞു.
“ഞങ്ങൾ അശ്ലീല ചിത്രങ്ങളല്ല, ലൈംഗിക ചിത്രങ്ങളാണ് നിർമ്മിച്ചത്. ഏകദേശം 20-25 സംവിധായകർ ഈ സിനിമകളിൽ പ്രവർത്തിച്ചു, പക്ഷേ അവരെ ഒഴിവാക്കി, എന്നെപ്പോലുള്ള ചെറിയ ആളുകളെ മാത്രമാണ് അന്വേഷണത്തില്‍ ഉൾപ്പെടുത്തിയത്, ”വസിഷ്ഠ് പറഞ്ഞു.
കഴിഞ്ഞയാഴ്ച രാജ് കുന്ദ്രയുടെയും കൂട്ടാളികളുടെയും മുംബൈയിലും ഉത്തർപ്രദേശിലുമായി 15 വസ്തുക്കളില്‍ ഇഡി റെയ്ഡ് നടത്തിയത്. ജുഹുവിലെ കുന്ദ്രയുടെ വസതിയും ഗെഹാന വസിഷ്ഠിന്‍റെ സ്ഥലങ്ങളും റെയ്ഡ് ചെയ്ത സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. കുന്ദ്രയുടെയും നിരവധി ബാങ്ക് അക്കൗണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും ഏജൻസി മരവിപ്പിച്ചതായാണ് വിവരം.
പോൺ റാക്കറ്റ് നടത്തിയെന്നാരോപിച്ച് 2021ൽ മുംബൈ പോലീസ് കുന്ദ്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധപ്പെട്ട് കുന്ദ്രയ്‌ക്കെതിരെ 2022 മെയ് മാസത്തിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്. കുന്ദ്ര ഏതാണ്ട് രണ്ട് മാസത്തോളം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം കിട്ടിയപ്പോള്‍ കുന്ദ്ര ഇത് സിനിമയാക്കി എടുത്തിരുന്നു. കേസിൽ 2021 സെപ്റ്റംബറിൽ സുപ്രീം കോടതിയിൽ നിന്ന് ഗെഹാന വസിഷ്ഠ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.