പോലീസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ‘ജിന്നാണ്’ കൊല നടത്തിയതെന്ന് പ്രതി

news image
Oct 15, 2024, 7:26 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ദുരൂഹത ഏറുന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. ഇർഷാദിന്റെ സുഹൃത്തായ സഹദിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് വിവരം. ‘ജിന്ന്’ ആണ് കൊല നടത്തിയതെന്നാണ് പ്രതിയായ സഹദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ചോദ്യം ചെയ്യലനിടെ ‘തനിക്ക് ഉറങ്ങണം’ എന്ന് സഹദ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് വീട്ടുകാരും പറയുന്നതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഇർഷാദിന് പ്രാതൽ നൽകിയിരുന്നുവെന്ന് ഒരു സഹോദരി പറഞ്ഞു. എന്നാൽ നൽകിയില്ല എന്നാണ് മറ്റു സഹോദരിയുടെ മൊഴി.

ഇർഷാദിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. കൊലപാതകത്തിലോ തെളിവ് നശിപ്പിക്കുന്നതിലോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. കൃത്യം ചെയ്യാനായി ഉപയോഗിച്ച കത്തി വീടിന്റെ സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് പൊലീസ് നായയുടെ സഹായത്താലാണ് കണ്ടെത്തിയത്. ഇന്ന് സ്ഥലത്ത് നേരിട്ടെത്തി പൊലീസ് തെളിവെടുപ്പ് നടത്തും.

കൊല്ലപ്പെട്ട ഇഷാദ് അടൂർ പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ലഹരി ഉപയോഗവും കൃത്യമായി ജോലിക്ക് വരാത്തതും കാരണം ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ലഹരി ഉപയോഗമാണ് ഇർഷാദിനെയും സഹദിനെയും തമ്മിൽ അടുപ്പിച്ചത്. ഇവരുടെ സൗഹൃദത്തിൽ ലഹരി ആയിരുന്നു പ്രധാന ഘടകം. നേരത്തെ ലഹരി കേസടക്കം നിരവധി കേസുകൾ സഹദിന്റെ പേരിൽ ഉണ്ട്. ഇന്ന് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും.

ഇന്നലെ രാവിലെ 11 മണിയോടെയിരുന്നു ഇർഷാദ് കൊല്ലപ്പെട്ടത്. സഹദിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ദിവസങ്ങളായി സഹദിന്റെ വീട്ടിലായിരുന്നു ഇർഷാദ് താമസിച്ചിരുന്നത്. സഹദ് വീടിനുള്ളില്‍ കത്തിയുമായി നില്‍ക്കുന്നത് സഹദിന്റെ പിതാവാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ മുകളിലത്തെ മുറിയില്‍ ഇര്‍ഷാദ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് ചിതറ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe