മ്യൂണിക്ക്: യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെതിരായ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ച് തുര്‍ക്കി ഡിഫന്‍ഡര്‍ സാമെറ്റ് അകായ്ദിന്‍. പോര്‍ച്ചുഗലിനെതിരായ മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് തുര്‍ക്കി താരം ഗോള്‍ കീപ്പര്‍ ഓടി വരുന്നത് ശ്രദ്ധിക്കാതെ സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചത്. പോര്‍ച്ചു ഗല്‍ മുന്നേറ്റത്തിനൊടുവില്‍ കിട്ടിയ പന്ത് ഗോള്‍ കീപ്പര്‍ക്ക് ബാക് പാസ് നല്‍കിയതാണ് ഗോളായി മാറിയത്.
അകായ്ദിന്‍ ബാക് പാസ് നല്‍കുമെന്നത് പ്രതീക്ഷിക്കാതെ പന്തിന്റെ ദിശയിലേക്ക് ഓടി വന്ന ഗോള്‍ കീപ്പര്‍ ആള്‍ട്ടേ ബായിന്ദറുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഗോള്‍ കീപ്പര്‍ ഓടിവരുന്നത് ശ്രദ്ധിക്കാതെ അകായ്ദീന്‍ ബാക് പാസ് നല്‍കുകയായിരുന്നു. പന്ത് ഗോള്‍വര കടക്കുന്നത് തടയാനായി ബായിന്ദർ തിരിഞ്ഞോടി ഗോള്‍ ലൈന്‍ സേവിന് ശ്രമിച്ചെങ്കിലും അതിന് മുമ്പ് പന്ത് ഗോള്‍ വര കടന്നിരുന്നു. പോര്‍ച്ചുഗല്‍ മുന്നേറ്റത്തില്‍ ജോവോ കോണ്‍സാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലക്ഷ്യമിട്ട് നല്കിയ പാസാണ് അകായ്ദീന്‍ ഗോളിലേക്ക് തിരിച്ചുവിട്ടത്. നേരത്തെ ബെര്‍ണാഡോ സില്‍വയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തിയ ശേഷമായിരുന്നു തുര്‍ക്കിക്ക് സെല്‍ഫ് ഗോള്‍ അബദ്ധം പറ്റിയത്. കളിയുടെ തുടക്കത്തില്‍ സെയ്ക്കി സെലിക്കിന്റെ ക്രോസില്‍ കെരീം അക്തുര്‍ഗോക്ളുവിന് ലഭിച്ച സുവര്‍ണാവസരം ഗോളാക്കി മാറ്റാനാവാഞ്ഞത് തുര്‍ക്കിക്ക് തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ തുര്‍ക്കി ജോര്‍ജിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. നായകന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറങ്ങി.