പോക്കറ്റിലെ ഫോണ്‍ സൈലന്റ് ആയാലും, ഫോണ്‍ വിളിക്കുന്ന ആളെ തിരിച്ചറിയാം- ഐഫോണിലെ രഹസ്യ ഫീച്ചര്‍

news image
Apr 9, 2025, 1:51 pm GMT+0000 payyolionline.in

നിങ്ങള്‍ ഒരു അടിയന്തര യോഗത്തില്‍ പങ്കെടുക്കുകയാണെന്ന് സങ്കല്‍പ്പിക്കുക! അപ്പോഴാണ് നിങ്ങളുടെ പോക്കറ്റില്‍ സൈലന്റായിക്കിടക്കുന്ന ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നത്. ആരായിരിക്കാം വിളിക്കുന്നത് ചിലപ്പോള്‍ ഓഫീസില്‍ നിന്നുള്ള അത്യാവശ്യ ഫോണ്‍ കോള്‍ ആയിരിക്കാം, അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെങ്കിലും വെറുതെ വിളിക്കുന്നതാവാം. പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കാതെ എങ്ങനെയാണ് ആരാണെന്ന് മനസിലാക്കുക? അതിനുള്ള വഴിയാണ് കസ്റ്റം വൈബ്രേഷന്‍. ഐഫോണ്‍ ഉപഭോക്താക്കള്‍ അധികം ഉപയോഗപ്പെടുത്താത്തതോ അറിവില്ലാത്തതോ ആയ ഫീച്ചറുകളില്‍ ഒന്നാണ് ഇത്. ഓരോ കോണ്‍ടാക്റ്റിനും പ്രത്യേകം വൈബ്രേഷന്‍ കൊടുത്താല്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കാതെ തന്നെ അത് ആരാണെന്ന് മനസിലാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

അത് എങ്ങനെയാണെന്ന് നോക്കാം

ആദ്യം ഐഫോണിലെ കോണ്‍ടാക്റ്റ് ആപ്പ് തുറക്കുക. നിങ്ങള്‍ക്ക് ഏത് കോണ്‍ടാക്റ്റിനാണോ പ്രത്യേക വൈബ്രേഷന്‍ നല്‍കേണ്ടത് ആ കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. ഇതിനായി കോണ്‍ടാക്റ്റ് ലിസ്റ്റില്‍ അയാളുടെ പേരില്‍ ടാപ്പ് ചെയ്യുക. ശേഷം മുകളില്‍ വലത് ഭാഗത്തായി കാണുന്ന Edit ബട്ടന്‍ ടാപ്പ് ചെയ്യുക. തുറന്നുവരുന്ന പേജില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. അപ്പോള്‍ Ringtone എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. റിങ്‌ടോണ്‍ കസ്റ്റമൈസ് ചെയ്യാനുള്ള പേജാണ് തുറന്നുവരിക.

അതില്‍ Haptics എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. ഫോണില്‍ ഡിഫോള്‍ട്ട് ഓപ്ഷനാണ് സാധാരണ ഓണ്‍ ആയിക്കിടക്കുക. നിലവിലുള്ള റിങ്‌ടോണിന് അനുസരിച്ചായിരിക്കും ഇതില്‍ വൈബ്രേഷന്‍ അധവാ ഹാപ്റ്റിക്‌സ് പ്രവര്‍ത്തിക്കുക.

ഇതല്ലാതെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഐഫോണ്‍ നിര്‍ദേശിക്കുന്ന എട്ടോളം സ്റ്റാന്റേര്‍ഡ് ഹാപ്റ്റിക് ഓപ്ഷനുകള്‍ കാണാം. ആവശ്യമെങ്കില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. എന്നാല്‍ നിങ്ങള്‍ക്ക് തന്നെ സ്വന്തം ശൈലിയില്‍ പ്രത്യേക താളത്തിലുള്ള വൈബ്രേഷന്‍ നിര്‍മിക്കാനുള്ള സൗകര്യമുണ്ട്.

ഇതിനായി താഴെ കസ്റ്റം സെക്ഷനില്‍ കാണുന്ന Create New Vibration എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഒരു ഗ്രേ സ്‌ക്രീന്‍ തുറന്നുവരും. ഇതില്‍ നിങ്ങള്‍ ടാപ്പ് ചെയ്യുന്ന താളത്തില്‍ വൈബ്രേഷനുകള്‍ നിര്‍മിക്കാം. നിങ്ങളുടെ ടാപ്പുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് താഴെ കാണാം. നിങ്ങള്‍ തന്നെ നിര്‍മിക്കുന്ന കസ്റ്റം ഹാപ്റ്റിക്‌സ് ആയതിനാല്‍ പോക്കറ്റില്‍ ഇരുന്ന് ഫോണ്‍ വൈബ്രേറ്റ് ചെയ്യുമ്പോള്‍ അത് തിരിച്ചറിയുക എളുപ്പമാവും.

പണ്ട് കാലത്ത് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ‘മോര്‍സ് കോഡ്’ (Morse Code) ശൈലി വേണമെങ്കില്‍ ഇതില്‍ പ്രയോജനപ്പെടുത്താം. റെക്കോര്‍ഡ് ചെയ്യുന്ന വൈബ്രേഷനുകള്‍ വീണ്ടും പ്ലേ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇഷ്ടമായില്ലെങ്കില്‍ വീണ്ടും റെക്കോര്‍ഡ് ചെയ്യാം.

പ്രധാനപ്പെട്ട കോണ്‍ടാക്റ്റുകളില്‍ കസ്റ്റം വൈബ്രേഷനുകള്‍ സെറ്റ് ചെയ്യുന്നത് ഏറെ പ്രയോജനകരമാണ്. ഫോണിനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ഈ ഫീച്ചറിലൂടെ സാധിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe