തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന കര്‍ശന നിർദേശവുമായി ഡി.ജി.പി. എന്നാൽ വി.ഐ.പികള്‍ക്കുള്ള അകമ്പടി, കേസന്വേഷണം, അടിയന്തരസാഹചര്യം എന്നിവക്കുള്ള യാത്രകളിൽ അമിതവേഗത്തിൽ പോയാലും റെഡ് സിഗ്നൽ മറികടന്നാലും പിഴ ഈടാക്കില്ല.
ഡി.ജി.പിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനത്തിന് നാലായിരത്തിലധികം പെറ്റികളാണ് ആസ്ഥാനത്തെത്തിയത്.
നിയമം ലംഘിച്ച പൊലീസുകാരിൽ നിന്നുതന്നെ പിഴ ഈടാക്കണമെന്ന് ഡി.ജി.പി പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നൽകി. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായതിനാൽ പിഴയടയ്ക്കില്ലെന്ന് പൊലീസുകാർ നിലപാടെടുത്തു. പിഴ ഈടാക്കുന്നതിലെ ബുദ്ധിമുട്ട് ജില്ല പൊലീസ് മേധാവികൾ ഡി.ജി.പിയെ അറിയിച്ചതോടെയാണ് അകമ്പടി, അന്വേഷണം, അടിയന്തര സാഹചര്യം എന്നിവക്കുള്ള യാത്രയിലെ അമിതവേഗവും റെഡ് ലൈറ്റ് മറികടക്കലും പിഴയിൽനിന്ന് ഒഴിവാക്കിയത്.
എന്നാൽ, സീറ്റ് ബെൽറ്റ് ഇടാതെയും ഹെൽമറ്റ് ധരിക്കാതെയും പൊലീസുകാര്‍ യാത്ര ചെയ്താൽ പിഴ അടച്ചേ മതിയാകൂ.
നിശ്ചിത സമയ പരിധിക്കുള്ളിൽ പിഴ അടച്ച്, വിവരം ജില്ല പൊലീസ് മേധാവിമാരെ അറിയിക്കണം. പട്ടിക പൊലീസ് അസ്ഥാനത്തേക്ക് കൈമാറണം. എന്നാൽ പല വാഹനങ്ങളിലും സീറ്റ് ബെൽറ്റ് പോയിട്ട് ബ്രേക്ക് പോലുമില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്.