പത്തനംതിട്ട: മകരവിളക്ക് തെളിക്കുന്ന പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ വനംവകുപ്പിലെ ഒരു ജീവനക്കാരൻ കൂടി അറസ്റ്റിലായി. ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് സുരേഷിനെയാണ് വനംവകുപ്പ് പിടികൂടിയത്.
പൂജാരി നാരായണൻ സ്വാമിയെ ഗവിയിലെത്തിച്ചത് ഇയാളാണ്. പൂജ നടക്കുമ്പോൾ പൊന്നമ്പലമേട്ടിലും ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ കൊച്ചുപമ്പ വനം വികസന കോർപറേഷൻ കോളനിയിലെ ഈശ്വരൻ എന്നയാൾ മൂഴിയാർ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
എന്നാൽ, കേസിലെ പ്രധാന പ്രതി നാരായണൻ സ്വാമി ഇപ്പോഴും ഒളിവിലാണ്. ഇയാൾ പത്തനംതിട്ട കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹരജി ശനിയാഴ്ച പരിഗണിക്കും.